Skip to content

ചരിത്രനേട്ടത്തിൽ ബാബർ അസമിനൊപ്പമെത്തി ശുഭ്മാൻ ഗിൽ

തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ കാഴ്ച്ചവെച്ചത്. വെറും 72 പന്തിൽ നിന്നുമാണ് മത്സരത്തിൽ ഗിൽ സെഞ്ചുറി നേടിയത്. മൂന്നാം മത്സരത്തിലെയും ഈ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടത്തിൽ ബാബർ അസമിനൊപ്പം എത്തിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ.

മൂന്നാം മത്സരത്തിൽ 78 പന്തിൽ 13 ഫോറും 5 സിക്സും ഉൾപ്പടെ 112 റൺസ് നേടിയാണ് ശുഭ്മാൻ ഗിൽ പുറത്തായത്. പരമ്പരയിൽ ആദ്യ മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയ ഗിൽ രണ്ടാം മത്സരത്തിൽ പുറത്താകാതെ 40 റൺസ് നേടിയിരുന്നു. പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 180.00 ശരാശരിയിൽ 128.57 സ്ട്രൈക്ക് റേറ്റിൽ 360 റൺസ് ഗിൽ നേടിയിട്ടുണ്ട്. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിൽ ബാബർ അസമിനൊപ്പം ശുഭ്മാൻ ഗില്ലെത്തി.

2016 ൽ വെസ്റ്റിൻഡീസിനെതിരെ നടന്ന ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ മൂന്ന് സെഞ്ചുറി ഉൾപ്പടെ 360 റൺസ് ബാബർ അസം നേടിയിരുന്നു.

ഏകദിന ക്രിക്കറ്റിലെ തൻ്റെ നാലാം സെഞ്ചുറിയാണ് മത്സരത്തിൽ ഗിൽ കുറിച്ചത്. ഏറ്റവും കുറവ് ഇന്നിങ്സിൽ നിന്നും നാല് സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം കൂടിയാണ് ശുഭ്മാൻ ഗിൽ. ഈ വർഷം ഏകദിന ക്രിക്കറ്റിൽ 6 ഇന്നിങ്സിൽ നിന്നും ഇതിനോടകം 567 റൺസ് ശുഭ്മാൻ ഗിൽ അടിച്ചുകൂട്ടിയിട്ടുണ്ട്.