Skip to content

ഏകദിനത്തിൽ വീണ്ടും നിരാശപെടുത്തി സൂര്യകുമാർ യാദവ്, മൂന്നാം മത്സരത്തിലും തിളങ്ങാനായില്ല

ഏകദിന ക്രിക്കറ്റിൽ ഒരിക്കൽ കൂടെ ആരാധകരെ നിരാശപെടുത്തി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ടി20 ക്രിക്കറ്റിൽ തൻ്റെ മികവ് ആരാധകരെ ത്രസിപ്പിക്കുന്ന സൂര്യകുമാർ യാദവിന് ആ മികവ് എന്നാൽ ഏകദിന ക്രിക്കറ്റിൽ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. മൂന്നാം ഏകദിനത്തിൽ മികച്ച അവസരം ലഭിച്ചുവെങ്കിലും അത് വേണ്ടവിധം താരത്തിന് ഉപയോഗപെടുത്തുവാൻ സാധിച്ചില്ല.

കെ എൽ രാഹുലിൻ്റെയും ശ്രേയസ് അയ്യരുടെയും അഭാവത്തിലാണ് അഞ്ചാമനായി സൂര്യകുമാർ യാദവിന് അവസരം ലഭിച്ചത്. പരമ്പരയിൽ ആദ്യ മത്സരത്തിൽ 26 പന്തിൽ 31 റൺസ് നേടി പുറത്തായ സൂര്യകുമാർ യാദവിന് ഈ മത്സരത്തിൽ 9 പന്തിൽ 14 റൺസ് നേടുവാനെ സാധിച്ചുള്ളൂ.

ഏകദിന ക്രിക്കറ്റിൽ 18 ഇന്നിങ്സിൽ നിന്നും 28.87 ശരാശരിയിൽ 433 റൺസാണ് സൂര്യകുമാർ യാദവിന് നേടാൻ സാധിച്ചിട്ടുള്ളത്. ടി20 ക്രിക്കറ്റിലെ താരത്തിൻ്റെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ ഈ പ്രകടനം ശരാശരിയിലും താഴെയാണ്. മറുഭാഗത്ത് ഏകദിനത്തിൽ കിട്ടിയ അവസരങ്ങളിൽ എല്ലാം തന്നെ മികച്ച പ്രകടനമാണ് സഞ്ജു സാംസൺ കാഴ്ച്ചവെച്ചിട്ടുള്ളത്. ഏകദിനത്തിൽ 10 ഇന്നിങ്സിൽ നിന്നും 66.00 ശരാശരിയിൽ 330 റൺസ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് നേടി. 112 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 101 റൺസ് നേടിയ രോഹിത് ശർമ്മ, 54 റൺസ് നേടിയ ഹാർദിക്ക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.