ധോണി വന്നതോടെ അത്തരം വിക്കറ്റ് കീപ്പർമാരുടെ കാലം അവസാനിച്ചു ; രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിന് ആവശ്യം വിക്കറ്റ് കീപ്പർ ബാറ്റ്സ്ന്മാരെ തന്നെയാണെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർമാരെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ബാറ്റ് കൊണ്ടും ടീമിന് സംഭാവന ചെയ്യാൻ കഴിയുന്നവരെയാണ് ഇപ്പോൾ ലിമിറ്റഡ് ഓവർ ക്രിക്കറ്റിന് ആവശ്യമെന്ന് ദ്രാവിഡ് തുറന്നുപറഞ്ഞത്.

മഹേന്ദ്ര സിങ് ധോണിയുടെ വരവോടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സ്പെഷ്യാലിസ്റ്റ് വിക്കറ്റ് കീപ്പർമാരുടെ കാലം അവസാനിച്ചുവെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. സഞ്ജുവും ഇഷാൻ കിഷനും കെ എൽ രാഹുലുമെല്ലാം മികച്ച ബാറ്റ്സ്മാന്മാരാണെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

” എല്ലായ്പ്പോഴും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരെ തന്നെയാണ് ഞങ്ങൾ തിരയുന്നത്. അതിൽ യാതൊരു സംശയവും വേണ്ട. വൈറ്റ് ബോൾ ക്രിക്കറ്റിൽ എം എസ് ധോണിയ്ക്ക് നിർഭാഗ്യവശാൽ സ്പെഷ്യാലിസ്റ്റ് വിക്കറ്റ് കീപ്പർമാരുടെ കാലം അവസാനിച്ചുവെന്ന് ഞാൻ കരുതുന്നു. ഈ ടീമിലെ നോക്കിയാൽ കെ എസ് ഭരതും ഇഷാൻ കിഷനും വിജയ് ഹസാരെ ട്രോഫിയിൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ച്ചവെച്ചവരാണ്. ഭരത് കളിച്ചിട്ടില്ല പക്ഷേ ഇഷാൻ കിഷൻ മികച്ച പ്രകടനം തുടരുന്നു. ”

” നമുക്ക് രാഹുലുണ്ട്, സഞ്ജു സാംസനുണ്ട് നിർഭാഗ്യവശാൽ പന്തിന് പരിക്ക് പറ്റി. ഇവരെല്ലാം തന്നെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരാണ്. ഇപ്പോൾ ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറാകണമെങ്കിൽ ബാറ്റ് കൊണ്ടും സംഭാവന ചെയ്യുവാൻ കഴിയണം. ” രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.