Skip to content

നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന സെഞ്ചുറി നേടി രോഹിത് ശർമ്മ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമ്മ നേടുന്ന സെഞ്ചുറിയാണിത്. ഇൻഡോറിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ 83 പന്തിൽ നിന്നുമാണ് ഹിറ്റ്മാൻ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്.

നീണ്ട 1101 ദിവസങ്ങൾക്ക് ശേഷമാണ് രോഹിത് ശർമ്മ ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടുന്നത്. ഇതിന് മുൻപ് 2020 ജനുവരിയിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു രോഹിത് ശർമ്മ തൻ്റെ അവസാന ഏകദിന സെഞ്ചുറി നേടിയത്.

ഏകദിന ക്രിക്കറ്റിലെ രോഹിത് ശർമ്മ മുപ്പതാം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹിറ്റ്മാൻ നേടുന്ന 42 ആം സെഞ്ചുറിയുമാണിത്. ഏകദിന ക്രിക്കറ്റിലെ 30 സെഞ്ചുറിയ്ക്ക് പുറമെ ടെസ്റ്റ് ക്രിക്കറ്റിൽ 8 സെഞ്ചുറിയും അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നാല് സെഞ്ചുറിയും രോഹിത് ശർമ്മ നേടിയിട്ടുണ്ട്.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ മത്സരത്തിന് എത്തിയിരിക്കുന്നത്. മൊഹമ്മദ് ഷാമിയ്ക്കും മൊഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ച ഇന്ത്യ യുസ്വെന്ദ്ര ചഹാൽ, ഉമ്റാൻ മാലിക്ക് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു.