ഇക്കുറി പുജാരയും സ്റ്റീവ് സ്മിത്തും ഒരുമിച്ച് കളിക്കും, ആവേശത്തോടെ ആരാധകർ

ഇക്കുറി കൗണ്ടി ക്രിക്കറ്റിൽ ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പുജാരയും ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്തും ഒരുമിച്ച് കളിക്കും. ഈ വർഷം നടക്കാനിരിക്കുന്ന ആഷസ് പരമ്പരയ്ക്ക് മുൻപായി കൗണ്ടി ടീമായ സസെക്സുമായി സ്റ്റീവ് സ്മിത്ത് കരാറിൽ ഏർപ്പെട്ടതോടെയാണ് ഇരുവരും ഒരുമിച്ച് ഒരേ ടീമിൽ ബാറ്റ് ചെയ്യുന്നത് കാണാനുള്ള ഭാഗ്യം ആരാധകർക്ക് ലഭിച്ചിരിക്കുന്നത്.

ആഷസ് പരമ്പരയ്ക്ക് മുൻപായി കൗണ്ടിയിൽ സസെക്സിന് വേണ്ടി മൂന്ന് മത്സരങ്ങൾ സ്റ്റീവ് സ്മിത്ത് കളിക്കും. ഇക്കുറി ഐ പി എൽ ലേലത്തിൽ പേര് നൽകാതെയാണ് സ്റ്റീവ് സ്മിത്ത് കൗണ്ടിയിൽ കളിക്കാൻ ഒരുങ്ങുന്നത്. കൗണ്ടിയിൽ കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു ചേതേശ്വർ പുജാര കാഴ്ച്ചവെച്ചത്. 13 ഇന്നിങ്സിൽ നിന്നും 109.40 ശരാശരിയിൽ 1094 റൺസ് പുജാര നേടിയിരുന്നു. ഈ മികച്ച പ്രകടനത്തോടെയാണ് ഇന്ത്യൻ ടീമിൽ താരം തിരിച്ചെത്തിയത്.

മറുഭാഗത്ത് കഴിഞ്ഞ ആഷസിൽ നിറംമങ്ങിയ സ്റ്റീവ് സ്മിത്ത് ഈ ആഷസിൽ തകർപ്പൻ പ്രകടനമാണ് ലക്ഷ്യമിടുന്നത്. ഈ സമ്മറിൽ ഓസ്ട്രേലിയക്കായി മികച്ച പ്രകടനം പുറത്തെടുത്ത സ്റ്റീവ് സ്മിത്ത് ബിഗ് ബാഷ് ലീഗിൽ തുടർച്ചയായി രണ്ട് സെഞ്ചുറി നേടികൊണ്ട് മിന്നും ഫോമിലാണ് ഉള്ളത്.