നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്താനൊരുങ്ങി ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. പരിക്കിനെ തുടർന്ന് ടി20 ലോകകപ്പും അതിന് ശേഷം നടന്ന നിരവധി മത്സരങ്ങളും രവീന്ദ്ര ജഡേജയ്ക്ക് നഷ്ടമായി. പരിക്കിൽ നിന്നും പൂർണമായും മുക്തി നേടിയ ജഡേജ രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്ക്കായി കളിക്കും.
തമിഴ്നാടിനെതിരെ ജനുവരി 24 ന് ആരംഭിക്കുന്ന മത്സരത്തിലായിരിക്കും രവീന്ദ്ര ജഡേജ കളിക്കുക. മത്സരത്തിനായി താരം ചെന്നൈയിൽ എത്തികഴിഞ്ഞു. ജഡേജയ്ക്ക് പുറമെ ചേതേശ്വർ പുജാര, ജയദേവ് ഉനദ്കട് തുടങ്ങിയ താരങ്ങൾ സൗരാഷ്ട്ര ടീമിനുണ്ട്.
അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ ആരംഭിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയ്ക്കുള്ള ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ രവീന്ദ്ര ജഡേജയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രഞ്ജിയിൽ കളിച്ചുകൊണ്ട് പൂർണമായും മാച്ച് ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ ജഡേജയെ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുകയുള്ളൂ.
കഴിഞ്ഞ വർഷം നടന്ന ഏഷ്യ കപ്പിനിടെയാണ് രവീന്ദ്ര ജഡേജയ്ക്ക് പരിക്ക് പറ്റിയത്. തുടർന്ന് സർജറി വിധേയനായ താരം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. താരത്തിൻ്റെ അഭാവം ഒരുപരിധി വരെ അക്ഷർ പട്ടേലിലൂടെ ഇന്ത്യ മറികടന്നിരുന്നു. ലിമിറ്റഡ് ഓവർ പരമ്പരകളിൽ അടക്കം മികച്ച പ്രകടനം അക്ഷർ ഇന്ത്യയ്ക്കായി പുറത്തെടുത്തിരുന്നു.