Skip to content

ഫിഫ്റ്റിയുമായി ഹിറ്റ്മാൻ, അനായാസ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റിൻ്റെ അനായാസ വിജയം. മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഇന്ത്യ സ്വന്തമാക്കി.

മത്സരത്തിൽ ന്യൂസിലൻഡിനെ വെറും 108 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ വിജയലക്ഷ്യം 20.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മ 50 പന്തിൽ 7 ഫോറും രണ്ട് സിക്സും ഉൾപ്പടെ 51 റൺസും വിരാട് കോഹ്ലി വിരാട് കോഹ്ലി 11 റൺസും നേടി പുറത്തായപ്പോൾ ശുഭ്മാൻ ഗിൽ 40 റൺസും ഇഷാൻ കിഷൻ 8 റൺസും നേടി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത ന്യൂസിലൻഡ് അക്ഷരാർത്ഥത്തിൽ ഇന്ത്യയ്ക്ക് മുൻപിൽ തകർന്നടിയുകയായിരുന്നു. 15 റൺസ് നേടുന്നതിനിടെ ന്യൂസിലൻഡിന് അഞ്ച് വിക്കറ്റും നഷ്ടമായി. 36 റൺസ് നേടിയ ഗ്ലെൻ ഫിലിപ്പ്സ്, 27 റൺസ് നേടിയ സാൻ്റ്നർ, 22 റൺസ് നേടിയ ബ്രേസ്വെൽ എന്നിവർ മാത്രമാണ് ന്യൂസിലൻഡിന് വേണ്ടി രണ്ടക്കം കടന്നത്.

ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി 6 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും ഹാർദിക്ക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റ് വീതവും മൊഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഇന്ത്യ സ്വന്തമാക്കി. ജനുവരി 24 നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ആ മത്സരത്തിലും വിജയിക്കാനായാൽ ഏകദിന റാങ്കിങിൽ ന്യൂസിലൻഡിനെ പിന്നിലാക്കികൊണ്ട് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തെത്തി.