Skip to content

മിന്നിതിളങ്ങി ഇന്ത്യൻ ബൗളർമാർ, ചാരമായി ന്യൂസിലൻഡ്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കിവികൾക്ക് 34.3 ഓവറിൽ 108 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ന്യൂസിലാൻഡിൻ്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്.

ആദ്യ ഓവറിൽ തന്നെ ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലനെ മനോഹരമായ പന്തിലൂടെ പുറത്താക്കികൊണ്ട് മൊഹമ്മദ് ഷാമിയാണ് തകർച്ചയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് ക്രീസിലെത്തിയ മുൻനിര ബാറ്റ്സ്മാന്മാരെ ക്രീസിൽ നിലയുറപ്പിക്കാൻ ഇന്ത്യ അനുവദിച്ചില്ല. 15 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റും ന്യൂസിലൻഡിന് നഷ്ടമായി.

ആറാം വിക്കറ്റിൽ ബ്രേസ്വെല്ലും ഗ്ലെൻ ഫിലിപ്പ്സും ചേർന്ന് 39 റൺസ് കൂട്ടിചേർത്തതോടെയാണ് വൻ നാണക്കേടിൽ നിന്നും ന്യൂസിലൻഡ് രക്ഷപെട്ടത്. 22 റൺസ് നേടിയ ബ്രേസ്വെല്ലിനൊപ്പം 27 റൺസ് നേടിയ മിച്ചൽ സാൻ്റ്നർ, 36 റൺസ് നേടിയ ഗ്ലെൻ ഫിലിപ്പ്സ് എന്നിവർ മാത്രമാണ് ന്യൂസിലൻഡ് നിരയിൽ രണ്ടക്കം കടന്നത്.

ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി മൂന്ന് വിക്കറ്റും ഹാർദിക്ക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റ് വീതവും മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.