അന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തീരുമാനത്തിന് പിന്നിൽ സഞ്ജു, വെളിപ്പെടുത്തലുമായി മുൻ പരിശീലനകൻ

2020 ൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നിർണ്ണായക തീരുമാനത്തിന് പിന്നിൽ സഞ്ജു സാംസൺ ആയിരുന്നുവെന്ന് മുൻ ഇന്ത്യൻ ഫീൽഡിങ് കോച്ച് ആർ ശ്രീധർ. തൻ്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം ശ്രീധർ വെളിപ്പെടുത്തിയത്.

മത്സരത്തിൽ തലയ്ക്ക് പന്ത് കൊണ്ട് രവീന്ദ്ര ജഡേജയ്ക്ക് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി യുസ്വേന്ദ്ര ചഹാലിനെ ഇന്ത്യ ഇറക്കിയിരുന്നു. നാലോവറിൽ 25 റൺസ് വഴങ്ങി ആരോൺ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, മാത്യൂ വേഡ് എന്നിവരെ പുറത്താക്കികൊണ്ട് ചഹാൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചിരുന്നു. ഈ പ്രകടനത്തോടെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന ആദ്യ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് എന്ന നേട്ടവും ചഹാൽ സ്വന്തമാക്കിയിരുന്നു.

രവീന്ദ്ര ജഡേജയുടെ ഹെൽമറ്റിൽ പന്ത് കൊണ്ടതിനാൽ എന്തുകൊണ്ട് കൺകഷൻ സബായി ഒരു ബൗളറെ ഉപയോഗിച്ചുകൂടെ എന്ന് സഞ്ജു നിർദ്ദേശിച്ചുവെന്നും സഞ്ജുവിൻ്റെ നിർദ്ദേശം രവി ശാസ്ത്രിയും ശരിവെച്ചതോടെയാണ് ഇന്ത്യ ചഹാലിനെ ഇറക്കാൻ തീരുമാനിച്ചതെന്നും തൻ്റെ പുസ്തകത്തിൽ ആർ ശ്രീധർ പറഞ്ഞു.

” ഇന്ത്യയുടെ ഇന്നിങ്സിൻ്റെ അവസാനം ഞാൻ ഫീൽഡിങ് സ്റ്റേഷൻ തയ്യാറാക്കുവാൻ തയ്യാറായിരുക്കുകയായിരുന്നു. എൻ്റെ അടുത്ത് മായങ്ക് അഗർവാളും സഞ്ജുവുമായിരുന്നു ഉണ്ടായിരുന്നത്. പെട്ടെന്ന് സഞ്ജു എന്നോട് പറഞ്ഞു, ‘ സർ പന്ത് ജഡ്ഡുവിൻ്റെ ഹെൽമറ്റിൽ തട്ടിയില്ലെ, എന്തുകൊണ്ട് നമുക്ക് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ ആവശ്യപെട്ടുകൂടാ ? ജഡേജയ്ക്ക് പകരക്കാരനായി ഒരു ബൗളറെ നമുക്ക് ഇറക്കാം ‘ അന്നാണ് ഞാൻ ആ യുവതാരത്തിൽ ക്യാപ്റ്റനെ കണ്ടത്. പെട്ടെന്ന് തന്നെ ഇക്കാര്യം രവി ശാസ്ത്രിയോട് പറയാൻ ഞാൻ ആവശ്യപെട്ടു. രവി ശാസ്ത്രിയും അവൻ്റെ തീരുമാനം ശരിവെച്ചു. ” ആർ ശ്രീധർ വെളിപ്പെടുത്തി.