26 പന്തിൽ ഫിഫ്റ്റി, ഇൻ്റർനാഷണൽ ടി20 ലീഗിൽ തകർത്തടിച്ച് റോബിൻ ഉത്തപ്പ

യു എ ഇയുടെ പുതിയ ടി20 ലീഗായ ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഗൾഫ് ജയൻ്റ്സിനെതിരായ മത്സരത്തിലായിരുന്നു ദുബായ് ക്യാപിറ്റൽസിന് വേണ്ടി തകർപ്പൻ പ്രകടനം ഉത്തപ്പ കാഴ്ച്ചവെച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദുബായ് ക്യാപിറ്റൽസിന് വേണ്ടി 26 പന്തിൽ ഫിഫ്റ്റി നേടിയ ഉത്തപ്പ 46 പന്തിൽ 10 ഫോറും രണ്ട് സിക്സും ഉൾപ്പടെ 79 റൺസ് നേടിയാണ് പുറത്തായത്. ഉത്തപ്പയുടെ മികവിൽ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് ക്യാപിറ്റൽസ് അടിച്ചുകൂട്ടി. 25 പന്തിൽ 38 റൺസ് നേടിയ ക്യാപ്റ്റൻ റോവ്മാൻ പോവലും ക്യാപിറ്റൽസിന് വേണ്ടി തിളങ്ങി.

നേരത്തെ സീസണിലെ ആദ്യ മത്സരത്തിൽ അബുദാബി നൈറ്റ് റൈഡേഴ്സിനെതിരെ 33 പന്തിൽ 43 റൺസ് റോബിൻ ഉത്തപ്പ നേടിയിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും റോബിൻ ഉത്തപ്പ വിരമിച്ചത്. ഇതോടെയാണ് മറ്റു വിദേശ ലീഗുകളിൽ കളിക്കാനുള്ള യോഗ്യത റോബിൻ ഉത്തപ്പയ്ക്ക് ലഭിച്ചത്. ബിസിസിഐയുടെ പോളിസി പ്രകാരം ഐ പി എൽ അല്ലാതെ മറ്റു ടി20 ലീഗുകളിൽ കളിച്ചാൽ പിന്നീട് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിലോ ആഭ്യന്തര ക്രിക്കറ്റിലോ കളിക്കുവാൻ താരങ്ങളെ അനുവദിക്കില്ല. യു എ ഇയ്ക്കൊപ്പം സൗത്താഫ്രിക്കയിലും ഇനി അടുത്തതായി അമേരിക്കയിലും പുതിയ ലീഗ് ആരംഭിക്കാനിരിക്കെ കൂടുതൽ താരങ്ങൾ ഇനി ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചുകൊണ്ട് മറ്റു ലീഗുകളിലേക്ക് മാറിയേക്കും.