Skip to content

അങ്ങനെയെങ്കിൽ കോഹ്ലിയ്ക്കും നൂറ് സെഞ്ചുറികൾ നേടുവാൻ കഴിയും, പ്രവചനവുമായി മുൻ ഇന്ത്യൻ താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറ് സെഞ്ചുറിയെന്ന റെക്കോർഡ് സ്വന്തമാക്കുവാൻ വിരാട് കോഹ്ലിക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമൻ്റേറ്ററുമായ സുനിൽ ഗാവസ്കർ. ഏകദിന ക്രിക്കറ്റിൽ കഴിഞ്ഞ നാല് ഇന്നിങ്സിൽ നിന്നും മൂന്ന് സെഞ്ചുറി കിങ് കോഹ്ലി അടിച്ചുകൂട്ടിയിരുന്നു. ഏകദിനത്തിൽ സച്ചിനെ കോഹ്ലി പിന്നിലാക്കുമെന്ന് ഉറപ്പാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലും സച്ചിനെ പിന്നിലാക്കുവാൻ കോഹ്ലിക്ക് സാധിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് സുനിൽ ഗാവസ്കർ.

” ഇനിയും അഞ്ചോ ആറോ വർഷം കൂടെ കളിച്ചാൽ നൂറ് സെഞ്ചുറി നേടുവാൻ വിരാട് കോഹ്ലിയ്ക്ക് സാധിക്കും. അതിൽ യാതൊരു സംശയവുമില്ല. ഓരോ വർഷവും അവൻ ശരാശരി 6 സെഞ്ചുറി നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയും 6 വർഷം കൂടെ കളിച്ചാൽ 26 സെഞ്ചുറി കൂടെ നേടുവാൻ അവന് പ്രയാസമുണ്ടാകില്ല. സച്ചിൻ ടെണ്ടുൽക്കർ 40 വയസ്സ് കളിച്ചു, ഫിറ്റ്നസ് കാത്തുസൂക്ഷിച്ചു. കോഹ്ലിയും അവൻ്റെ ഫിറ്റ്നസിനെ കുറിച്ച് അറിയാം. അവൻ ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനാണ്. ”

” ഇപ്പോൾ ഈ പ്രായത്തിലും അവൻ യുവതാരങ്ങളെ പിന്നിലാക്കുന്നു. സിംഗിളുകൾ ഡബിളുകളായും ഡബിളുകൾ ട്രിപ്പിളുകളായും മാറ്റുന്നു. അതവൻ്റെ റൺസിൽ മാത്രമല്ല സഹതാരങ്ങൾക്ക് വേണ്ടിയും അവൻ ഇപ്രകാരം ചെയ്യുന്നു. ഈ ഫിറ്റ്നസ് വെച്ച് അവൻ 40 വയസ്സുവരെ കളിച്ചാലും അത്ഭുതപെടേണ്ടതില്ല. ” സുനിൽ ഗാവസ്കർ പറഞ്ഞു.