Skip to content

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

പ്രഥമ വനിത അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ. യു എ ഇയ്ക്കെതിരായ മത്സരത്തിൽ 122 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 220 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന യു എ ഇയ്ക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 34 പന്തിൽ 12 ഫോറും 4 സിക്സും ഉൾപ്പടെ 78 റൺസ് നേടിയ ക്യാപ്റ്റൻ ഷഫാലി വർമ്മ, 49 പന്തിൽ 74 റൺസ് നേടിയ ശ്വേത ഷറാവത്ത്, 29 പന്തിൽ 49 റൺസ് നേടിയ റിച്ച ഗോഷ് എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 219 റൺസ് അടിച്ചുകൂട്ടിയത്.

നേരത്തെ ആദ്യ മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയെ ഏഴ് വിക്കറ്റിന് ഇന്ത്യ പരാജയപെടുത്തിയിരുന്നു. ജനുവരി 18 ന് സ്കോട്ട്ലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.