സെഞ്ചുറി നേടി രക്ഷകനായി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് കേരളം

രഞ്ജി ട്രോഫിയിൽ സർവീസസിനെതിരായ മത്സരത്തിൽ കേരളത്തിൻ്റെ രക്ഷകനായി സച്ചിൻ ബേബി. തുടക്കത്തിൽ തകർന്നടിഞ്ഞ കേരളത്തെ സെഞ്ചുറി നേടിയ സച്ചിൻ ബേബിയാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

ആദ്യ ദിനം അവസാനിക്കുമ്പോൾ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടിയിട്ടുണ്ട്. 235 പന്തിൽ 11 ഫോറും ഒരു സിക്സും ഉൾപ്പടെ 133 റൺസ് നേടിയ സച്ചിൻ ബേബിയും 29 റൺസ് നേടിയ ക്യാപ്റ്റൻ സിജോമോൻ ജോസഫുമാണ് കേരളത്തിന് വേണ്ടി ക്രീസിലുള്ളത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 19 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപെട്ടിരുന്നു. വമ്പൻ തകർച്ചയെ അഭിമുഖീകരിച്ച കേരളത്തെ അഞ്ചാം വിക്കറ്റിൽ സൽമാൻ നിസാറിനൊപ്പം 96 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് സച്ചിൻ ബേബി തകർച്ചയിൽ നിന്നും രക്ഷിക്കുകയായിരുന്നു. അതിന് ശേഷം ക്രീസിലെത്തിയർ അക്ഷയ് ചന്ദ്രനൊപ്പം 65 റൺസും സച്ചിൻ ബേബി കൂട്ടിച്ചേർത്തു. സൽമാൻ നിസാർ 42 റൺസ് നേടിയപ്പോൾ അക്ഷയ് ചന്ദ്രൻ 32 റൺസ് നേടി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തൻ്റെ ഒമ്പതാം സെഞ്ചുറിയാണ് മത്സരത്തിൽ സച്ചിൻ ബേബി കുറിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4000 റൺസും സച്ചിൻ ബേബി പൂർത്തിയാക്കി.