Skip to content

ചരിത്രനേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി കിങ് കോഹ്ലി

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി വിരാട് കോഹ്ലി. കോഹ്ലിയുടെ സെഞ്ചുറി മികവിലായിരുന്നു മത്സരത്തിൽ വമ്പൻ സ്കോർ ഇന്ത്യ കുറിച്ചത്. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് 373 റൺസ് ഇന്ത്യ അടിച്ചുകൂട്ടി.

ഏകദിന ക്രിക്കറ്റിലെ തൻ്റെ 45 ആം സെഞ്ചുറിയാണ് മത്സരത്തിൽ വിരാട് കോഹ്ലി കുറിച്ചത്. ഇന്ത്യൻ മണ്ണിലെ തൻ്റെ ഇരുപതാം ഏകദിന സെഞ്ചുറിയാണിത്. ഇതോടെ ഹോമിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം വിരാട് കോഹ്ലിയെത്തി.

164 മത്സരങ്ങളിൽ കളിച്ചുകൊണ്ടാണ് ഇന്ത്യൻ മണ്ണിൽ സച്ചിൻ 20 സെഞ്ചുറി നേടിയത്. മറുഭാഗത്ത് സച്ചിനൊപ്പമെത്തുവാൻ 102 മത്സരങ്ങൾ മാത്രമാണ് വിരാട് കോഹ്ലിയ്ക്ക് വേണ്ടിവന്നത്.

80 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ കോഹ്ലി 87 പന്തിൽ 12 ഫോറും ഒരു സിക്സും ഉൾപ്പടെ 113 റൺസ് നേടിയാണ് പുറത്തായത്. കോഹ്ലിയ്ക്കൊപ്പം 67 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പടെ 83 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയും 60 പന്തിൽ 70 റൺസ് നേടിയ ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്കായി മികവ് പുലർത്തി. ശ്രേയസ് അയ്യർ 24 പന്തിൽ 28 റൺസും കെ എൽ രാഹുൽ 29 പന്തിൽ 39 റൺസും നേടി.