Skip to content

ഐ പി എൽ പോലും പിന്നിൽ, കഴിഞ്ഞ വർഷം ഇന്ത്യയ്ക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ടി20 ലോകകപ്പ്

കഴിഞ്ഞ വർഷം ഇന്ത്യക്കാർക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട സ്പോർട്സ് ഇവൻ്റായി ഓസ്ട്രേലിയയിൽ നടന്ന ഐസിസി ടി20 ലോകകപ്പ്. ആക്സിസ് മൈ ഇന്ത്യയുടെ സർവേ പ്രകാരമാണ് ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്പോർട്സ് ഇവൻ്റായി ടി20 ലോകകപ്പ് മാറിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിനെയും ഫിഫ ഫുട്ബോൾ ലോകകപ്പിനെയും ബഹുദൂരം പിന്നിലാക്കിയാണ് സർവേയിൽ ടി20 ലോകകപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 46 % ശതമാനം പേർ ടി20 ലോകകപ്പ് കാണുവാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ 25 ശതമാനം പേർ ഐ പി എല്ലിനും 16 % പേർ ഫിഫ ലോകകപ്പ് കാണുവാനും താൽപ്പര്യം പ്രകടിപ്പിച്ചു.

ഇന്ത്യ സെമിഫൈനലിൽ പുറത്തായ ലോകകപ്പിൽ ജോസ് ബട്ട്ലർ നയിച്ച ഇംഗ്ലണ്ടായിരുന്നു ലോകകപ്പ് കിരീടം നേടിയത്. ഫൈനലിൽ പാകിസ്ഥാനെ പരാജയപെടുത്തികൊണ്ടായിരുന്നു ഇംഗ്ലണ്ട് ലോകകപ്പ് നേടിയത്. ചെറിയ ടീമുകളുടെ തകർപ്പൻ പ്രകടനത്തിനും വമ്പൻ അട്ടിമറികൾക്കും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചു. ഏഷ്യ കപ്പ് ചാമ്പ്യന്മാരായി എത്തിയ ശ്രീലങ്കയെ നമീബിയ പരാജയപെടുത്തിയപ്പോൾ ഇംഗ്ലണ്ടിനെ അയർലൻഡും പാകിസ്ഥാനെ സിംബാബ്‌വെയും പരാജയപെടുത്തിയിരുന്നു.

അടുത്ത ടി20 ലോകകപ്പ് 2024 ൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായാണ് നടക്കുന്നത്. 20 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻ്റിൽ നിർണ്ണായക മാറ്റങ്ങൾ ഐസിസി വരുത്തിയിട്ടുണ്ട്. ചെറിയ ടീമുകളുടെ പ്രകടനം മുൻനിർത്തി പ്രാഥമിക റൗണ്ടും സൂപ്പർ 12 റൗണ്ടും ഐസിസി ഒഴിവാക്കി. ഇതോടെ വമ്പൻ ടീമുകളുമായി മാറ്റുരയ്ക്കാൻ ചെറിയ ടീമുകൾക്ക് സാധിക്കും.