Skip to content

ഐ പി എൽ അല്ല ഇന്ത്യൻ ടീമാണ് വലുത്, ലോകകപ്പിനായി പ്രധാന താരങ്ങൾ ഐ പി എൽ ഒഴിവാക്കണമെന്ന് ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിന് ഇനി 10 മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യ ഇനിമുതൽ ഏകദിന ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അതിനായി മുതിർന്ന താരങ്ങൾക്ക് ഐ പി എൽ നഷ്ടപെടുത്തേണ്ടി വന്നാൽ അതിൽ തെറ്റില്ലെന്നും ഇന്ത്യൻ ടീമിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും ഗംഭീർ പറഞ്ഞു.

” നോക്കൂ ഐ പി എൽ ഫ്രാഞ്ചൈസികൾ കഷ്ടപെടേണ്ടി വന്നാൽ അവർ തീർച്ചയായും കഷ്ടപെടണം. ഇന്ത്യൻ ക്രിക്കറ്റാണ് ഇവിടെ പ്രാധാനം. ഐ പി എൽ ഒരു ഉപോൽപ്പന്നമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ ലോകകപ്പ് നേടുകയെന്നതാകണം പ്രധാന ലക്ഷ്യം. “

” പ്രധാനപെട്ട താരങ്ങൾക്ക് ഐ പി എൽ നഷ്ടപെടുകയാണെങ്കിൽ അങ്ങനെയാകട്ടെ. ഐ പി എൽ എല്ലാ വർഷവും നടക്കുന്നുണ്ട്. ലോകകപ്പ് നാല് വർഷത്തിൽ ഒരിക്കൽ മാത്രമേ ഉണ്ടാകൂ. എന്നെ സംബന്ധിച്ച് ഐ പി എൽ നേടുന്നതിനേക്കാൾ പ്രധാനമാണ് ലോകകപ്പ് നേടുകയെന്നത്. ” ഗംഭീർ പറഞ്ഞു.

ഈ വർഷം പ്രധാന താരങ്ങൾ ഏകദിനത്തിന് പ്രാധാന്യം നൽകണമെന്നും ഇടവേള ആവശ്യമെങ്കിൽ അവർ ടി20 ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കട്ടെയെന്നും എല്ലാവരും ഒരുമിച്ച് കളിച്ചെങ്കിൽ മാത്രമേ മികച്ച രീതിയിൽ ലോകകപ്പിനായി തയ്യാറെടുക്കാൻ ഇന്ത്യയ്ക്ക് സാധിക്കുകയുള്ളൂവെന്നും ഗൗതം ഗംഭീർ പറഞ്ഞു.