ഷോട്ട് സെലക്ഷനാണ് അവന് തിരിച്ചടിയാകുന്നത്, ആദ്യ ടി20 യിലെ സഞ്ജുവിൻ്റെ പ്രകടനത്തെ കുറിച്ച് സുനിൽ ഗവാസ്കർ

സഞ്ജു സാംസണ് തിരിച്ചടിയാകുന്നത് താരത്തിൻ്റെ മോശം ഷോട്ട് സെലക്ഷനാണെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗാവസ്കർ. സഞ്ജു അത്രയും മികച്ച കളിക്കാരനാണെന്നും പക്ഷേ ഷോട്ട് സെലക്ഷനിലെ പാളിച്ച മൂലമാണ് സഞ്ജു പുറത്താകേണ്ടിവരുന്നതെന്നും സുനിൽ ഗാവസ്കർ പറഞ്ഞു.

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ പുറത്തിരിക്കേണ്ടിവന്ന സഞ്ജുവിന് ഇക്കുറി ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ അവസരം ലഭിച്ചിരുന്നു. എന്നാൽ മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചില്ല. അഞ്ച് റൺസ് നേടിയാണ് സഞ്ജു മത്സരത്തിൽ പുറത്തായത്.

” ഇക്കുറി അവൻ്റെ എഡ്ജ് ഷോർട്ട് തേർഡ് മാനിലേക്ക് പോയിരിക്കുന്നു. അവൻ അത്രയും മികച്ച പ്ലേയറാണ്. മികച്ച കഴിവ് സഞ്ജു സാംസനുണ്ട്. പക്ഷേ ഷോർട്ട് സെലക്ഷനാണ് അവന് തിരിച്ചടിയാകുന്നത്. വീണ്ടും മറ്റൊരു അവസരത്തിൽ കൂടി അതവന് തിരിച്ചടിയായി. ” കമൻ്ററിയ്ക്കിടെ ഗവാസ്‌കർ പറഞ്ഞു.

ഈ മത്സരങ്ങൾ എല്ലാം സഞ്ജുവിന് ലഭിക്കുന്ന മികച്ച അവസരങ്ങൾ ആണെന്നായിരുന്നു ഗൗതം ഗംഭീറിൻ്റെ പ്രതികരണം. അത് അനാവശ്യമായി പാഴാക്കരുതെന്നും ഗൗതം ഗംഭീർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അടുത്ത മത്സരത്തിൽ സഞ്ജുവിൻ്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.