Skip to content

ബാബറും റിസ്വാനും പുറത്താകുമോ, ടി20 ടീമിൽ സ്ട്രൈക്ക് റേറ്റ് കുറവുള്ളവരെ ഉൾപെടുത്തില്ലെന്ന് ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ ടീമിൻ്റെ താൽക്കാലിക ചീഫ് സെലക്ടറായി സ്ഥാനം ഏറ്റെടുത്തതിന് പുറകെ വമ്പൻ മാറ്റങ്ങൾ വരുത്താനൊരുങ്ങി മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. മികച്ച പിച്ചുകൾ ഒരുക്കി പോസിറ്റീവായി കളിച്ചാൽ മാത്രമേ പാകിസ്ഥാന് ശക്തമായി തിരിച്ചെത്താനാകൂവെന്ന് അഭിപ്രായപെട്ട ഷാഹിദ് അഫ്രീദി ടി20 ടീമിൽ നിന്നും സ്ട്രൈക്ക് റേറ്റ് കുറവുള്ള താരങ്ങളെ ഒഴിവാക്കുമെന്ന സൂചനയും നൽകി.

” ക്യാപ്റ്റനുമായും ഹെഡ് കോച്ചുമായും മികച്ച ചർച്ച നടത്തുവാൻ ഞങ്ങൾക്ക് സാധിച്ചു. അത് ഫലപ്രദമായിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ഒരു ബ്രാൻഡായി വളരണമെങ്കിൽ മാറ്റങ്ങൾ അനിവാര്യമാണ്. പാകിസ്ഥാൻ പോസിറ്റീവായി കളിക്കേണ്ടതുണ്ട്. മികച്ച പിച്ചുകൾ ഒരുക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മികച്ച പിച്ചുകൾ ഒരുക്കിയാൽ മത്സരങ്ങൾ ആവേശകരമാകും. പാകിസ്ഥാന് മേധാവിത്വം പുലർത്തണമെങ്കിൽ അവർ പേടികൂടാതെ കളിക്കണം. അതിനായി മികച്ച പിച്ചുകൾ ഒരുക്കേണ്ടതുണ്ട്. ” പാക്കിസ്ഥാൻ ക്രിക്കറ്റ് പങ്കുവെച്ച വീഡിയോയിൽ അഫ്രീദി പറഞ്ഞു.

പ്രമുഖ പാക് മാധ്യമത്തോട് സംസാരിക്കവെയാണ് ടി20 ടീമിൽ താൻ വരുത്താൻ ആഗ്രഹിക്കുന്ന മാറ്റങ്ങളെ കുറിച്ച് അഫ്രീദി തുറന്നുപറഞ്ഞത്. ആഭ്യന്തര ക്രിക്കറ്റിൽ 135 ന് താഴെ സ്ട്രൈക്ക് റേറ്റുള്ള താരങ്ങളെ ടി20 ടീമിൽ ഉൾപെടുത്തില്ലെന്നും യുവതാരങ്ങളെ ശാരീരികമായും മാനസികമായും കരുത്തരാക്കേണ്ടതുണ്ടെന്നും ഭാവിയിൽ ക്രിക്കറ്റ് കൂടുതൽ ബുദ്ധിമുട്ടേറിയതാകുമെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു.

ചീഫ് സെലക്ടറായി സ്ഥാനം ഏറ്റെടുത്തതിന് പുറകെ മോശം ഫോമിലുള്ള റിസ്വാനെ പുറത്താക്കി മുൻ ക്യാപ്റ്റൻ സർഫറാസിനെ അഫ്രീദി അടങ്ങുന്ന സെലക്ഷൻ കമ്മിറ്റി ആദ്യ ഇലവനിൽ ഉൾപെടുത്തിയിരുന്നു. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും ഫിഫ്റ്റി നേടികൊണ്ട് സർഫറാസ് ടീമിൻ്റെ തീരുമാനം ശരിവെയ്ക്കുകയും ചെയ്തിരുന്നു.