അഭിമാനമായി നജില, ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടി മലയാളി താരത്തിൻ്റെ തകർപ്പൻ പ്രകടനം

ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മലയാളി തരം നജില സി എം സി. പ്രഥമ വനിത അണ്ടർ 19 ലോകകപ്പിന് മുന്നോടിയായി സൗത്താഫ്രിക്കൻ അണ്ടർ 19 ടീമിനെതിരെ നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു മലയാളി താരത്തിൻ്റെ ഈ തകർപ്പൻ പ്രകടനം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയെ നജിലയുടെ തകർപ്പൻ ബൗളിംഗ് മികവിലാണ് ഇന്ത്യ നിശ്ചിത 20 ഓവറിൽ 86 റൺസിൽ ചുരുക്കികെട്ടിയത്. മൂന്നോവറിൽ വെറും 4 റൺസ് വിട്ടുകൊടുത്ത താരം മൂന്ന് വിക്കറ്റുകൾ ഇന്ത്യയ്ക്കായി വീഴ്ത്തി. നജിലയ്ക്കൊപ്പം 2 വിക്കറ്റ് നേടിയ ഫലക് നാസും ഇന്ത്യയ്ക്കായി മികവ് പുലർത്തി.

മത്സരത്തിൽ 4 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. സൗത്താഫ്രിക്ക ഉയർത്തിയ 87 റൺസിൻ്റെ വിജയലക്ഷ്യം 14.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഷഫാലി വർമ്മ 27 പന്തിൽ 29 റൺസ് നേടി.

ഇന്ത്യൻ സീനിയർ ടീമിൻ്റെ ഓപ്പണറായ ഷഫാലി വർമ്മയാണ് ലോകകപ്പിൽ അണ്ടർ 19 ടീമിനെ നയിക്കുന്നത്. റിസർവ് താരമായാണ് നജില ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യൻ സീനിയർ ടീമിൻ്റെ വിക്കറ്റ് കീപ്പർ റിച്ച ഗോഷും ടീമിലുണ്ട്.