ആദ്യ ഓവറിൽ ഹാട്രിക്ക്, രഞ്ജി ട്രോഫിയിൽ ചരിത്രറെക്കോർഡ് കുറിച്ച് ജയദേവ് ഉനദ്കട്ട്

രഞ്ജി ട്രോഫിയിൽ ചരിത്രറെക്കോർഡ് കുറിച്ച് സൗരാഷ്ട്ര ക്യാപ്റ്റൻ ജയദേവ് ഉനദ്കട്ട്. ഡൽഹിയ്ക്കെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ ഹാട്രിക്ക് നേടികൊണ്ടാണ് ചരിത്രറെക്കോർഡ് ഉനദ്കട്ട് സ്വന്തമാക്കിയത്. ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരഞ്ഞെടുത്തതിനെ തുടർന്ന് രഞ്ജിയിലെ ആദ്യ രണ്ട് മത്സരങ്ങൾ താരത്തിന് നഷ്ടപെട്ടിരുന്നു. മൂന്നാം മത്സരത്തിൽ തിരിച്ചെത്തിയ സീനിയർ ആദ്യ ഓവറിൽ തന്നെ മത്സരം സൗരാഷ്ട്രയുടെ വരുതിയിലാക്കി.

ആദ്യ ഓവറിലെ മൂന്നാം പന്തിൽ ധ്രുവ് ഷോറെ, നാലാം പന്തിൽ വൈഭവ് റാവൽ, അഞ്ചാം പന്തിൽ ഡൽഹി ക്യാപ്റ്റൻ യാഷ് ദുൽ എന്നിവരെ പുറത്താക്കികൊണ്ടാണ് ഉനദ്കട്ട് ഹാട്രിക്ക് പൂർത്തിയാക്കിയത്ത്. രഞ്ജി ട്രോഫി ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബൗളർ ആദ്യ ഓവറിൽ തന്നെ ഹാട്രിക്ക് നേടുന്നത്.

പിന്നാലെ രണ്ടാം ഓവറിൽ രണ്ട് വിക്കറ്റ് നേടികൊണ്ട് വെറും 12 പന്തിൽ അഞ്ച് വിക്കറ്റ് നേട്ടവും ഉനദ്കട്ട് സ്വന്തമാക്കി. മത്സരത്തിൽ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ ഡൽഹി 8 വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് നേടിയിട്ടുണ്ട്. 9 ഓവറിൽ 29 റൺസ് വഴങ്ങി 6 വിക്കറ്റുകൾ ഇതിനോടകം ജയദേവ് ഉനദ്കട്ട് വീഴ്ത്തിയിട്ടുണ്ട്.

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ ഇതിഹാസ തുല്യമായ റെക്കോഡ് ഉനദ്കട്ടിനുണ്ട്. 97 മത്സരങ്ങളിൽ നിന്നും 356 വിക്കറ്റുകൾ ഇതുവരെ ജയദേവ് ഉനദ്കട്ട് നേടിയിട്ടുണ്ട്.