10 റൺസിന് നഷ്ടപ്പെട്ടത് 7 വിക്കറ്റ്, ഡൽഹിയുടെ രക്ഷകനായി അവതരിച്ച് മുംബൈ ഇന്ത്യൻസിൻ്റെ യുവതാരം

ജയദേവ് ഉനദ്കട്ടിൻ്റെ തകർപ്പൻ ബൗളിങ് മികവിൽ രഞ്ജിയിൽ ഡൽഹിയെ ചുരുക്കികെട്ടിയിരിക്കുകയാണ് സൗരാഷ്ട്ര. ആദ്യ ഓവറിലെ ഹാട്രിക്ക് അടക്കം 8 വിക്കറ്റ് നേടിയ ഉനദ്കട്ടിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ ഡൽഹിയെ വെറും 133 റൺസിലാണ് സൗരാഷ്ട്ര ചുരുക്കികെട്ടിയത്. എന്നാൽ ഇതിനിടയിലും ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ് ഡൽഹി യുവതാരം ഹൃതിക് ഷോക്കീനിൻെറ പോരാട്ടവീര്യം.

ആദ്യ ഇന്നിങ്സിൽ ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപെട്ട ഡൽഹിയ്ക്ക് 5 ഓവറിൽ 10 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലെന്ന നാണക്കേടിനെ അഭിമുഖീകരിക്കവെയാണ് ഡൽഹിയുടെ രക്ഷകനായി ഹൃതിക് എത്തിയത്.

എട്ടാം വിക്കറ്റിൽ 43 റൺസും ഒമ്പതാം വിക്കറ്റിൽ 80 റൺസും കൂട്ടിചേർത്ത താരം 90 പന്തിൽ 9 ഫോറും 3 സിക്സും അടക്കം പുറത്താകാതെ 68 റൺസ് നേടി. 38 റൺസ് നേടിയ ശിവാങ്ക് വശിഷ്ടും മികച്ച പിന്തുണ താരത്തിന് നൽകി.

ആദ്യ ഓവറിൽ ഹാട്രിക്ക് നേടി ചരിത്രറെക്കോർഡ് കുറിച്ച ജയദേവ് ഉനാട്കട്ട് തന്നെയാണ് ആദ്യ ഇന്നിങ്സിലെ താരം. 12 ഓവറിൽ 39 റൺസ് വഴങ്ങിയ ജയദേവ് ഉനദ്കട്ട് 8 വിക്കറ്റുകൾ വീഴ്ത്തി. വെറും 12 പന്തിനുള്ളിൽ അഞ്ച് വിക്കറ്റ് നേട്ടം ഉനദ്കട്ട് സ്വന്തമാക്കിയിരുന്നു. ഉനദ്കട്ടിൻ്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്.