Skip to content

ഓസ്ട്രേലിയക്കായി 100 ടെസ്റ്റ് മത്സരങ്ങൾ, എലൈറ്റ് ലിസ്റ്റിൽ ഇടംപിടിച്ച് ഡേവിഡ് വാർണർ

ടെസ്റ്റ് ക്രിക്കറ്റിൽ 100 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. സൗത്താഫ്രിക്കയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങളെന്ന നാഴികകല്ല് ഡേവിഡ് വാർണർ പിന്നിട്ടത്.

ഓസ്ട്രേലിയക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന പതിനാലാമത്തെ താരമാണ് ഡേവിഡ് വാർണർ. സ്റ്റീവ് വോ, റിക്കി പോണ്ടിങ്, അലൻ ബോർഡർ, ഷെയ്ൻ വോൺ, മാർക്ക് വോ, ഗ്ലെൻ മഗ്രാത്ത്, ഇയാൻ ഹീലി, മൈക്കൽ ക്ലാർക്ക്, നേതൻ ലയൺ, ഡേവിഡ് ബൂൺ, ജസ്റ്റിൻ ലാങർ, മാർക്ക് ടെയ്‌ലർ, മാത്യൂ ഹെയ്ഡൻ എന്നിവരാണ് ഡേവിഡ് വാർണറിന് മുൻപ് ഓസ്ട്രേലിയക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരങ്ങൾ.

ടെസ്റ്റ് ക്രിക്കറ്റിൽ 2011 ൽ അരങ്ങേറ്റം കുറിച്ച വാർണർ 182 ഇന്നിങ്സിൽ നിന്നും ഇതുവരെ 45.53 ശരാശരിയിൽ 24 സെഞ്ചുറിയും 34 ഫിഫ്റ്റിയും ഉൾപ്പടെ 7922 റൺസ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ നിലവിൽ എട്ടാം സ്ഥാനത്താണ് വാർണറുള്ളത്.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. തുടക്കത്തിൽ തകർന്ന സൗത്താഫ്രിക്കയ്ക്ക് 67 റൺസ് എടുക്കുന്നതിനിടെ ഇതിനോടകം അഞ്ച് വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു.