Skip to content

തലപ്പത്ത് സച്ചിൻ, തകർപ്പൻ റെക്കോർഡിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രവിചന്ദ്രൻ അശ്വിൻ

മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ പുറത്തെടുത്തത്. ബൗളിങിലും ബാറ്റിങിലും മികവ് പുലർത്തിയ താരമായിരുന്നു പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപെട്ടത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ കോഹ്ലിയ്ക്കൊപ്പമെത്തിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ.

മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ശ്രേയസ് അയ്യർക്കൊപ്പം അശ്വിൻ പടുത്തുയർത്തിയ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ നേടിയ 42 റൺസിനൊപ്പം മത്സരത്തിൽ 6 വിക്കറ്റുകൾ അശ്വിൻ നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇത് ഒമ്പതാം തവണയാണ് രവിചന്ദ്രൻ അശ്വിൻ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്നത്.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ വിരാട് കോഹ്ലിയ്ക്കൊപ്പം അശ്വിനെത്തി. അനിൽ കുംബ്ലെ (10) രാഹുൽ ദ്രാവിഡ് (11) സച്ചിൻ ടെണ്ടുൽക്കർ (14) എന്നിവരാണ് ഈ പട്ടികയിൽ ഇനി അശ്വിന് മുൻപിലുള്ളത്. മറ്റുള്ളവർ നാല് പേരും നൂറിലധികം മത്സരങ്ങൾ കളിച്ചപ്പോൾ 88 മത്സരങ്ങളിൽ നിന്നുമാണ് രവിചന്ദ്രൻ അശ്വിൻ 9 പ്ലേയർ ഓഫ് ദി മാച്ച് അവാർഡുകൾ നേടിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് നേടിയ ഇന്ത്യൻ താരം കൂടിയാണ് രവിചന്ദ്രൻ അശ്വിൻ. ലോകത്തിൽ അശ്വിന് മുൻപിൽ ഇനി 11 തവണ പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് നേടിയ മുത്തയ്യ മുരളീധരൻ മാത്രമാണുള്ളത്.