Skip to content

ഇതിഹാസ താരത്തിന് ആദരം, മെൽബണിൽ ഫ്ലോപ്പി തൊപ്പി ധരിച്ചെത്തി കാണികൾ

ഈ വർഷം അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് ആദരസൂചകമായി സൗത്താഫ്രിക്കയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ വോണിൻ്റെ ഇഷ്ടപെട്ട ഫ്ലോപ്പി തൊപ്പികൾ ധരിച്ചെത്തി മെൽബണിലെ കാണികൾ. ഷെയ്ൻ വോൺ വിവവാങ്ങിയ ശേഷം മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്.

60000 ൽ പരം കാണികളാണ് ആദ്യ ദിനം മത്സരം കാണുവാൻ മെൽബണിലെത്തിയത്. ഇതിൽ പകുതിയിലധികം പേരും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിർദ്ദേശപ്രകാരം ഫ്ലോപ്പി തൊപ്പികൾ ധരിച്ചാണ് എത്തിയത്. മറ്റുള്ള താരങ്ങൾ ബാഗ്ഗി ഗ്രീൻ എന്നറിയപെടുന്ന ക്യാപ് ധരിക്കുമ്പോൾ മിക്കപ്പോഴും വെള്ളനിറത്തിലുള്ള ഫ്ലോപ്പി ഹാറ്റായിരുന്നു ഷെയ്ൻ വോൺ ധരിച്ചിരുന്നത്.

ആദരസൂചകമായി ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്രിക്കറ്റ് പ്ലേയർ ഓഫ് ദി ഇയർ അവാർഡ് ഷെയ്ൻ വോണിൻ്റെ പേരിൽ ഇന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പുനർനാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഈ വർഷം മാർച്ചിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ഷെയ്ൻ വോൺ അന്തരിച്ചത്. ഓസ്ട്രേലിയക്ക് വേണ്ടി 145 മത്സരങ്ങൾ കളിച്ചിട്ടുള്ള ഷെയ്ൻ വോൺ 708 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 1000 വിക്കറ്റ് നേടിയിട്ടുള്ള രണ്ട് ബൗളർമാരിലൊരാൾ കൂടിയാണ് ഷെയ്ൻ വോൺ.