Skip to content

ലോകകപ്പിലെ ഹാട്രിക്ക് ഹീറോ, ഐ പി എൽ ചരിത്രത്തിലെ ആദ്യ ഐറിഷ് പ്ലേയറായി ജോഷുവ ലിറ്റിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കരാർ ലഭിക്കുന്ന ആദ്യ അയർലൻഡ് പ്ലേയറായി ഫാസ്റ്റ് ബൗളർ ജോഷുവ ലിറ്റിൽ. അയർലൻഡിനായി തകർപ്പൻ പ്രകടനം തുടരുന്ന താരം ഐ പി എല്ലിൽ നെറ്റ് ബൗളറായി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന ലേലത്തിൽ 4.40 കോടി രൂപയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസാണ് അയർലൻഡ് പേസറെ സ്വന്തമാക്കിയത്. സിക്കന്ദർ റാസയെ പോലെ ലോകകപ്പിലെ പ്രകടനത്തിലൂടെ തന്നെയാണ് ജോഷുവ ലിറ്റിലും ടീമുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ താരം ഹാട്രിക്ക് നേടിയിരുന്നു.

മറ്റ് ഫ്രഞ്ചൈസി ലീഗുകളിലും താരത്തെ തേടി ടീമുകൾ എത്തിയിരുന്നു. ലങ്ക പ്രീമിയർ ലീഗിലും ദി ഹൻഡ്രഡിലും കളിച്ച താരം വരാനിരിക്കുന്ന പാകിസ്താൻ സൂപ്പർ ലീഗിലും SA20 യിലും കളിക്കും.

അയർലൻഡിന് വേണ്ടി 22 മത്സരങ്ങളിൽ നിന്നും 33 വിക്കറ്റും 53 ടി20 മത്സരങ്ങളിൽ നിന്നും 62 വിക്കറ്റും താരം നേടിയിട്ടുണ്ട്. ലിറ്റിലിന് പുറമെ കെയ്ൻ വില്യംസൻ, ഒഡിയൻ സ്മിത്ത്, ശ്രീകർ ഭരത്, ശിവം മാവി, ഉർവിൽ പട്ടേൽ, മോഹിത് ശർമ്മ എന്നിവരെയും ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി.