Skip to content

ടീമിലുള്ളത് മൂന്ന് ലോകോത്തര ഓൾ റൗണ്ടർ, ഇനി സൂപ്പർ കിങ്സ് സൂപ്പറാകും

ഐ പി എൽ താരലേലത്തിൽ ഇക്കുറി ആരാധകരെ സംതൃപ്തിപെടുത്തിയിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. പലപ്പോഴും ലേലത്തിൽ ആരാധകരെ ചെന്നൈ സൂപ്പർ കിങ്സ് നിരാശപെടുത്തുമ്പോൾ ഇക്കുറി മികച്ച തീരുമാനങ്ങളാണ് ലേലത്തിൽ സി എസ് കെയിൽ നിന്നുണ്ടായത്.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ സ്വന്തമാക്കിയത് തന്നെയാണ് ഇക്കുറി ചെന്നൈ സൂപ്പർ കിങ്സിൻ്റെ മികച്ച തീരുമാനം. സാം കറൺ അടക്കമുള്ള ഓൾ റൗണ്ടർമാർക്ക് പുറകെ പോയെങ്കിലും ഉർവശി ശാപം ഉപകാരം എന്ന പോലെ സ്റ്റോക്സിനെ സ്വന്തമാക്കുവാൻ ചെന്നൈയ്ക്ക് സാധിച്ചു. മികച്ച ഓൾ റൗണ്ടറെ ഒരുപക്ഷേ ഭാവി ക്യാപ്റ്റനെ കൂടെയാണ് ബെൻ സ്റ്റോക്സിലൂടെ ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചത്.

ബെൻ സ്റ്റോക്സിനെ കൂടാതെ ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ടിൻ്റെ മൊയിൻ അലി തുടങ്ങിയവർക്കൊപ്പം സ്റ്റോക്സ് കൂടെ ചേരുന്നതോടെ മൂന്ന് ലോകോത്തര ഓൾ റൗണ്ടർമാരെയാണ് ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചിരിക്കുന്നത്.

സ്റ്റോക്സിനെ കൂടാതെ ന്യൂസിലൻഡ് പേസർ കെയ്ൽ ജാമിൻസണെ ഒരു കോടിയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. ഇന്ത്യൻ സീനിയർ താരം അജിങ്ക്യ രഹാനെ, ഷൈയ്ക്ക് റഷീദ്, നിഷാന്ത് സിന്ധു, അജയ് ജാദവ്, ഭഗത് വർമ്മ തുടങ്ങിയവരെയും ഈ ലേലത്തിലൂടെ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിച്ചു.