Skip to content

ലോകകപ്പിലെ പ്രകടനം തുണയായി, ഒടുവിൽ സിക്കന്ദർ റാസയ്ക്ക് ഐ പി എൽ കരാർ

അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനൊടുവിൽ സിക്കന്ദർ റാസയ്ക്കും ഐ പി എൽ കരാർ. ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച റാസയെ അടിസ്ഥാന വിലയായ 50 ലക്ഷത്തിന് പഞ്ചാബ് കിങ്സാണ് സ്വന്തമാക്കിയത്.

ഇതിൽ കൂടുതൽ വിലയ്ക്ക് റാസയെ ടീമുകൾ സ്വന്തമാക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും താരത്തിന് മറ്റു ആവശ്യക്കാരുണ്ടായിരുന്നില്ല. തകർപ്പൻ പ്രകടനത്തോടെ മറ്റു ടീമുകൾക്ക് താരം മറുപടി കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സിംബാബ്‌വെയുടെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത് സിക്കന്ദർ റാസയായിരുന്നു.

ഐസിസി ടി20 ലോകകപ്പിലേക്ക് യോഗ്യത നേടിയ സിംബാബ്വെ ടൂർണമെൻ്റിൽ സൂപ്പർ 12 ലേക്ക് കടക്കുകയും ഫൈനലിസ്റ്റുകൾ കൂടിയായിരുന്ന പാകിസ്ഥാനെ പരാജയപെടുത്തികൊണ്ട് ഏവരെയും ഞെട്ടിക്കുകയും ചെയ്തിരുന്നു.

ഈ വർഷം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ സൂര്യകുമാർ യാദവ്, മൊഹമ്മദ് റിസ്വാൻ, വിരാട് കോഹ്ലി എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ റാസയാണ്. 23 ഇന്നിങ്സിൽ നിന്നും 35.00 ശരാശരിയിൽ 150 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 735 റൺസ് ഈ വർഷം റാസ നേടിയിട്ടുണ്ട്. ഈ ഫോം ഐ പി എല്ലിലും താരം തുടരുമെന്ന പ്രതീക്ഷയിലാണ് ഏവരുമുള്ളത്.