Skip to content

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലണ്ട് യുവ ഓൾ റൗണ്ടർ

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലണ്ടിൻ്റെ യുവ ഓൾ റൗണ്ടർ സാം കറൺ. ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചുകൊണ്ട് പ്ലേയർ ഓഫ് ദി ടൂർണമെൻ്റ് അവാർഡ് സ്വന്തമാക്കിയ കറൺ ലേലത്തിൽ വമ്പൻ തുക സ്വന്തമാക്കുമെന്ന് ഉറപ്പായിരുന്നു.

18.50 കോടി രൂപയ്ക്കാണ് ലേല പോരാട്ടത്തിനൊടുവിൽ സാം കറണെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ഇതോടെ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി സാം കറൺ മാറി. 2021 ൽ 16.25 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ ക്രിസ് മോറിസായിരുന്നു ഇതിന് മുൻപ് ഐ പി എൽ ലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം.

സാം കറണ് പിന്നാലെ ഓസ്ട്രേലിയൻ യുവ ഓൾ റൗണ്ടർ കാമറോൺ ഗ്രീനിനെ 17.50 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസും ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ ചെന്നൈ സൂപ്പർ കിങ്സും സ്വന്തമാക്കി. ഇതോടെ ഒറ്റ സെറ്റിൽ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ മൂന്ന് താരങ്ങളായി മൂവരും മാറി.

നിക്കോളാസ് പൂറനാണ് ഈ ലേലത്തിൽ വിലയേറിയ നാലാമത്തെ താരം. 16 കോടിയ്ക്ക് ലഖ്നൗ സൂപ്പർ ജയൻ്റ്സാണ് താരത്തെ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഹാരി ബ്രൂക്കാണ് വലിയ വില നേടിയ മറ്റൊരു താരം. 13.25 കോടിയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദാണ് താരത്തെ സ്വന്തമാക്കിയത്.