Skip to content

വീണ്ടും രക്ഷകനായി സച്ചിൻ ബേബി, രാജസ്ഥാനെതിരെ തോൽവി ഒഴിവാക്കി കേരളം

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ തോൽവി ഒഴിവാക്കി സമനില നേടി കേരളം. 396 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം അവസാന ദിനം അവസാനിച്ചപ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് നേടി ഇന്നിങ്സ് അവസാനിപ്പിച്ചു.

ആദ്യ ഇന്നിങ്സിൽ 31 റൺസിൻ്റെ ലീഡ് നേടിയതിനാൽ മൂന്ന് പോയിൻ്റ് രാജസ്ഥാൻ സ്വന്തമാക്കി. കേരളത്തിന് ഒരു പോയിൻ്റ് ലഭിച്ചു. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടി പുറത്താകാതെ നിന്ന സച്ചിൻ ബേബിയാണ് രണ്ടാം ഇന്നിങ്സിലും കേരളത്തിൻ്റെ രക്ഷകനായത്. 396 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് വേണ്ടി ക്യാപ്റ്റൻ ക്യാപ്റ്റൻ സഞ്ജു സാംസൺ 53 പന്തിൽ 69 റൺസ് നേടി തകർത്തടിച്ചിരുന്നു. സഞ്ജു പുറത്തായ ശേഷവും വാലറ്റത്തെ കൂട്ടുപിടിച്ച് സച്ചിൻ ബേബി രക്ഷാപ്രവർത്തനം നടത്തി.

139 പന്തിൽ പുറത്താകാതെ 81 റൺസ് സച്ചിൻ ബേബി നേടി. നേരത്തെ ആദ്യ ഇന്നിങ്സിൽ 217 പന്തിൽ പുറത്താകാതെ 139 റൺസ് സച്ചിൻ ബേബി നേടിയിരുന്നു. മറുഭാഗത്ത് രണ്ട് ഇന്നിങ്സിലും സെഞ്ചുറി കുറിച്ച് ദീപക് ഹൂഡയാണ് രാജസ്ഥാന് വേണ്ടി തിളങ്ങിയത്.

ആദ്യ ഇന്നിങ്സിൽ 133 റൺസ് നേടിയ ദീപക് ഹൂഡ രണ്ടാം ഇന്നിങ്സിൽ 155 പന്തിൽ 155 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു.