Skip to content

റമീസ് രാജ പുറത്ത്, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പുതിയ ചെയർമാൻ

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ ചെയർമാൻ സ്ഥാനത്തുനിന്നും റമീസ് രാജയെ പുറത്താക്കി. നജാം സേതിയെയാണ് പുതിയ ചെയർമാനായി നിയമിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം പാകിസ്ഥാൻ്റെ പുതിയ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് റമീസ് രാജയെ ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റിയിരിക്കുന്നത്.

റമീസ് രാജ ചെയർമാനായിരിക്കെ ഏഷ്യ കപ്പിലും ടി20 ലോകകപ്പിലും പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചിരുന്നു. പക്ഷേ സ്വന്തം നാട്ടിൽ ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും ദയനീയ പരാജയം പാകിസ്ഥാൻ ഏറ്റുവാങ്ങി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 3-0 നാണ് പാകിസ്ഥാൻ പരാജയപെട്ടത്.

കൂടാതെ ബിസിസിഐയുമായി വലിയ വെല്ലുവിളികൾ റമീസ് രാജയുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു. ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് പാകിസ്ഥാൻ ബഹിഷ്കരിക്കുമെന്ന് റമീസ് രാജ മുന്നറിയിപ്പ് നൽകിയിരുന്നു. റമീസ് രാജ പുറത്തായതോടെ ആ തീരുമാനത്തിൽ പാകിസ്ഥാൻ ഉറച്ചുനിൽക്കുമോയെന്ന് കണ്ടുതന്നെയറിയണം.

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ നിർദ്ദേശപ്രകാരമായിരുന്നു റമീസ് രാജ ചെയർമാനായത്. എന്നാൽ ഇമ്രാൻ ഖാന് പ്രധാനമന്ത്രി പദം നഷ്ടമായതോടെയാണ് ഇപ്പോൾ റമീസ് രാജയ്ക്കും പുറത്താകേണ്ടിവന്നിരിക്കുന്നത്. പുതിയ ചെയർമാൻ നിലവിലെ പ്രധാനമന്ത്രിയുടെ അടുത്തയാളും ഒപ്പം ഇമ്രാൻ ഖാൻ്റെ വിമർശകനും കൂടിയാണ്.