Skip to content

സെഞ്ചുറിയുമായി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചെത്തി കേരളം

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ തിരിച്ചടിച്ച് കേരളം. ആദ്യ ഇന്നിങ്സിൽ തുടക്കത്തിൽ തകർന്ന കേരളം സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടെയും സഞ്ജു സാംസൻ്റെയും മികവിലാണ് തിരിച്ചെത്തിയത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടിയിട്ടുണ്ട്.

174 പന്തിൽ 109 റൺസ് നേടി ക്രീസിലുള്ള സച്ചിൻ ബേബിയിലായിരിക്കും മൂന്നാം ദിനത്തിൽ കേരളത്തിൻ്റെ പ്രതീക്ഷ.

ആദ്യ ഇന്നിങ്സിൽ 31 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കേരളത്തിന് നഷ്ടപെട്ടിരുന്നു. എന്നാൽ നാലാം വിക്കറ്റിൽ 145 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് ക്യാപ്റ്റൻ സഞ്ജു സാംസണും സച്ചിൻ ബേബിയും കേരളത്തെ തിരിച്ചെത്തിച്ചു. 53 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ സഞ്ജു സാംസൺ 108 പന്തിൽ 82 റൺസ് നേടിയപ്പോൾ സച്ചിൻ ബേബി സെഞ്ചുറി കുറിച്ചു.

153 പന്തിൽ നിന്നുമാണ് സച്ചിൻ ബേബി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. കേരളത്തിന് വേണ്ടിയുള്ള സച്ചിൻ ബേബിയുടെ എട്ടാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്.

നേരത്തെ രാജസ്ഥാൻ്റെ ആദ്യ ഇന്നിങ്സ് 337 റൺസിൽ അവസാനിച്ചിരുന്നു. 187 പന്തിൽ 133 റൺസ് നേടിയ ദീപക് ഹൂഡയായിരുന്നു രാജസ്ഥാന് വേണ്ടി തിളങ്ങിയത്. കേരളത്തിന് വേണ്ടി ജലജ് സക്സേന മൂന്ന് വിക്കറ്റും ബേസിൽ തമ്പി, നിധീഷ് എം ഡി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.