Skip to content

തകർച്ചയിൽ രക്ഷകനായി കേരള ക്യാപ്റ്റൻ സഞ്ജു, രഞ്ജി ട്രോഫിയിൽ വീണ്ടും മികച്ച പ്രകടനം

രഞ്ജി ട്രോഫിയിൽ വീണ്ടും മികച്ച പ്രകടനം പുറത്തെടുത്ത് കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. രാജസ്ഥാനെതിരായ മത്സരത്തിൽ തുടക്കത്തിൽ തകർന്ന കേരളത്തെ മികച്ച പ്രകടനത്തിലൂടെ സഞ്ജു തകർച്ചയിൽ നിന്നും കരകയറ്റി. എന്നാൽ അർഹിച്ച സെഞ്ചുറി കഴിഞ്ഞ മത്സരത്തിലെന്ന പോലെ ഇക്കുറിയും സഞ്ജുവിന് നഷ്ടമായി.

31 ന് 3 എന്ന നിലയിൽ ക്രീസിലെത്തിയ സഞ്ജു സാംസൺ 104 പന്തിൽ 82 റൺസ് നേടിയാണ് പുറത്തായത്. വെറും 53 പന്തിൽ നിന്നും തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയ സഞ്ജു നാലാം വിക്കറ്റിൽ സച്ചിൻ ബേബിയ്ക്കൊപ്പം ചേർന്ന് 145 റൺസ് കൂട്ടിച്ചേർത്തു. 14 ഫോർ സഞ്ജു സാംസൺ നേടി. നേരത്തെ ജാർഖണ്ഡിനെതിരായ ആദ്യ ഇന്നിംഗ്സിൽ 72 റൺസ് നേടി സഞ്ജു പുറത്തായിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യ ഇന്നിങ്സിൽ രാജസ്ഥാൻ 337 റൺസ് നേടി പുറത്തായി. 133 റൺസ് നേടിയ ദീപക് ഹൂഡയാണ് രാജസ്ഥാന് വേണ്ടി തിളങ്ങിയത്. കേരളത്തിന് വേണ്ടി ജലജ് സക്സേന മൂന്ന് വിക്കറ്റും ബേസിൽ തമ്പി, നിധീഷ് എം ഡി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

സീസണിലെ ആദ്യ മത്സരത്തിൽ ജാർഖണ്ഡിനെ 85 റൺസിന് കേരളം പരാജയപെടുത്തിയിരുന്നു. ഛത്തീസ്ഗഡിനെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം.