Skip to content

അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്ത്, ബ്രാഡ്മാനും ചന്ദ്രപോളും ഗാംഗുലിയും അടക്കമുള്ളവരുടെ പട്ടികയിൽ ഇനി അസർ അലിയും

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായി പാകിസ്ഥാൻ്റെ സീനിയർ ബാറ്റ്സ്മാൻ അസർ അലി. കറാച്ചിയിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ അസർ അലി നേരിട്ട നാലാം പന്തിലാണ് പുറത്തായത്. അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായതോടെ ഡോൺ ബ്രാഡ്മാൻ, ചന്ദ്രപോൾ, ഗാംഗുലി അടക്കമുള്ളവരുടെ പട്ടികയിൽ അസർ അലിയും സ്ഥാനം പിടിച്ചു.

ടെസ്റ്റ് ക്രിക്കറ്റിൽ 6000 ത്തിലധികം റൺസ് നേടിയവരിൽ അസർ അലിയെ കൂടാതെ ഡോൺ ബ്രാഡ്മാൻ, ഗാംഗുലി, ചന്ദ്രപോൾ, ഇയാൻ ബെൽ എന്നിവരാണ് അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായിട്ടുള്ളത്.

1948 ൽ ഓവലിലായിരുന്നു ഡോൺ ബ്രാഡ്മാൻ പൂജ്യത്തിന് പുറത്തായി കരിയർ അവസാനിപ്പിച്ചത്. ഇതോടെയാണ് അദ്ദേഹത്തിൻ്റെ ശരാശരി 99.99 ആയി മാറിയത്. 2008 ൽ നാഗ്പൂർ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെയാണ് ഗാംഗുലി തൻ്റെ അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായത്. പിന്നീട് 2015 ൽ വിൻഡീസ് ഇതിഹാസം ചന്ദ്രപോളും പൂജ്യത്തിന് പുറത്തായി കരിയർ അവസാനിപ്പിച്ചു. 2015 ൽ ഷാർജയിൽ പാകിസ്ഥാനെതിരെയായിരുന്നു ഇയാൻ ബെൽ പൂജ്യത്തിന് പുറത്തായത്.

പാകിസ്ഥാന് വേണ്ടി 97 മത്സരങ്ങൾ കളിച്ചിട്ടുള്ള അസർ അലി 42.26 ശരാശരിയിൽ 19 സെഞ്ചുറിയും 35 ഫിഫ്റ്റിയും ഉൾപ്പടെ 7142 റൺസ് നേടിയിട്ടുണ്ട്.