Skip to content

പരസ്പരം സഹായിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, സഞ്ജുവുമായും പന്തുമായുള്ള മത്സരത്തോട് പ്രതികരിച്ച് ഇഷാൻ കിഷൻ

ഇന്ത്യയിലെ നിലവിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരാണ് സഞ്ജുവും ഇഷാൻ കിഷനും റിഷഭ് പന്തും. ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൻ്റെ വിക്കറ്റ് കീപ്പറാകുവാനായുള്ള മത്സരത്തിലാണ് മൂവരുമുള്ളത്. ഇപ്പോഴിതാ ഈ മത്സരത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇഷാൻ കിഷൻ. അടുത്തിടെ നടന്ന അഭിമുഖത്തിലായിരുന്നു തൻ്റെ അഭിപ്രായം ഇഷാൻ കിഷൻ തുറന്നുപറഞ്ഞത്.

തങ്ങൾ തമ്മിൽ പരസ്പരം സഹായിക്കാനാണ് എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഇന്ത്യയുടെ വിജയമാണ് തങ്ങൾക്ക് പ്രധാനമെന്നും അഭിമുഖത്തിൽ ഇഷാൻ കിഷൻ പറഞ്ഞു.

” ഞങ്ങൾ പരസ്പരം സഹായിക്കാനാണ് ശ്രമിക്കാറുള്ളത്, എങ്ങനെ മെച്ചപ്പെടാമെന്നതിനെ കുറിച്ചാണ് ഞങ്ങൾ തമ്മിൽ സംസാരിക്കാറുള്ളത്. എല്ലാവർക്കും അറിയാവുന്നത് പോലെ ഞങ്ങൾ പ്രതിനിധീകരിക്കാൻ പോകുന്നത് നമ്മുടെ രാജ്യത്തെയാണ്. സഞ്ജു സെഞ്ചുറി നേടുന്നതോ പന്ത് സെഞ്ചുറി നേടുന്നതോ ഞാൻ സെഞ്ചുറി നേടുന്നതോ അല്ല ഇന്ത്യ വിജയിക്കുന്നതാണ് ഞങ്ങൾക്ക് സന്തോഷം. മറ്റുള്ളവർ സെഞ്ചുറി നേടുന്നതിനെ കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല. സംശയങ്ങൾ ഉണ്ടെങ്കിൽ അത് ഞങ്ങൾ പരസ്പരം ചോദിക്കുകയും ചെയ്യാറുണ്ട്. ” ഇഷാൻ കിഷൻ പറഞ്ഞു.

കിട്ടിയ അവസരത്തിൽ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഡബിൾ സെഞ്ചുറി നേടിയ ഇഷാൻ കിഷൻ രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിനെതിരെയും സെഞ്ചുറി നേടിയിരുന്നു. പക്ഷേ മത്സരത്തിൽ വിജയം കുറിച്ചത് സഞ്ജുവും കൂട്ടരുമായിരുന്നു.