Skip to content

മൂന്നാം ടെസ്റ്റിലും തകർപ്പൻ വിജയം, ടെസ്റ്റ് പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്, നാണംകെട്ട് പാകിസ്ഥാൻ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. കറാച്ചിയിൽ നടന്ന മത്സരത്തിൽ വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് വിജയിച്ചത്. വിജയത്തോടെ പരമ്പര 3-0 ന് ബെൻ സ്റ്റോക്സും കൂട്ടരും തൂത്തുവാരി. രണ്ടാം ഇന്നിങ്സിൽ 167 റൺസിൻ്റെ വിജയലക്ഷ്യം 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.

നാലാം ദിനം 112 റൺസിന് 2 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 55 റൺസ് മാത്രമാണ് വിജയിക്കാൻ വേണ്ടിയിരുന്നത്. ഇംഗ്ലണ്ടിന് വേണ്ടി 78 ബെൻ ഡക്കറ്റ് പന്തിൽ 82 റൺസും ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 35 റൺസും നേടി പുറത്താകാതെ നിന്നു. 41 റൺസ് നേടിയ സാക്ക് ക്രോലി, 10 റൺസ് നേടിയ രേഹൻ അഹമ്മദ് എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇതാദ്യമായാണ് ടെസ്റ്റ് ക്രിക്കറ്റിൽ സ്വന്തം നാട്ടിൽ വെച്ച് പാകിസ്ഥാൻ വൈറ്റ് വാഷ് ചെയ്യപെടുന്നത്.

ആദ്യ ഇന്നിങ്സിൽ 50 റൺസിൻ്റെ ലീഡ് വഴങ്ങിയ ആതിഥേയരായ പാകിസ്ഥാന് രണ്ടാം ഇന്നിങ്സിൽ 210 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. അഞ്ച് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരൻ രേഹൻ അഹമ്മദും മൂന്ന് വിക്കറ്റ് നേടിയ ജാക്ക് ലീച്ചുമാണ് പാകിസ്ഥാനെ തകർത്തത്. 54 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമും 53 റൺസ് നേടിയ സൗദ് ഷക്കീലും മാത്രമാണ് പാക് നിരയിൽ മികവ് പുലർത്തിയത്.

111 റൺസ് നേടിയ ഹാരി ബ്രൂക്ക്, 64 റൺസ് നേടിയ ബെൻ ഫോക്സ്, 51 റൺസ് നേടിയ ഒല്ലി പോപ്പ് എന്നിവരുടെ മികവിലാണ് ആദ്യ ഇന്നിങ്സിൽ 354 റൺസ് നേടി ഇംഗ്ലണ്ട് 50 റൺസിൻ്റെ ലീഡ് സ്വന്തമാക്കിയത്. പാകിസ്ഥാൻ്റെ ഒന്നാം ഇന്നിങ്സിൽ 304 റൺസിൽ അവസാനിച്ചിരുന്നു.