Skip to content

ഏകദിന ശൈലിയിൽ ബാറ്റ് വീശി ബാബറും, ഇംഗ്ലണ്ടിനെതിരെ വെറും 57 പന്തിൽ ഫിഫ്റ്റി

ഇംഗ്ലണ്ടിനെതിരെ ഏകദിന ശൈലിയിൽ ബാറ്റ് വീശി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും. ഇംഗ്ലണ്ടിൻ്റെ ഒന്നാമിന്നിങ്സ് സ്കോറിന് മറുപടിയായി ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് വേണ്ടി വെറും 57 പന്തിൽ നിന്നും ബാബർ അസം തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കി.

മത്സരത്തിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ പാകിസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടിയിട്ടുണ്ട്. 76 പന്തിൽ 61 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമും 32 റൺസ് നേടിയ സൗദ് ഷക്കീലുമാണ് പാകിസ്ഥാന് വേണ്ടി ക്രീസിലുള്ളത്.

അബ്ദുള്ള ഷഫീഖ് (14), ഇമാം ഉൾ ഹഖ് (0) എന്നിവരുടെ വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്. ഇംഗ്ലണ്ടിന് വേണ്ടി ജാക്ക് ലീച്ചും ജെയിംസ് ആൻഡേഴ്സണും ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 281 റൺസിന് പുറത്തായിരുന്നു. 49 പന്തിൽ 63 റൺസ് നേടിയ ബെൻ ഡക്കറ്റും 61 പന്തിൽ 60 റൺസ് നേടിയ ഒല്ലി പോപ്പുമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. പാകിസ്ഥാന് വേണ്ടി അരങ്ങേറ്റക്കാരൻ അബ്രാർ അഹമ്മദ് 22 ഓവറിൽ 114 റൺസ് വഴങ്ങി ഏഴ് വിക്കറ്റും സാഹിദ് മഹ്മൂദ് മൂന്ന് വിക്കറ്റും നേടി.