Skip to content

ഇംഗ്ലണ്ടിൽ ക്രിക്കറ്റ് മതിയാക്കി ഗാരി ബാലൻസ്, ഇനി സിംബാബ്‌വെയ്ക്ക് വേണ്ടി കളിക്കും

ഇംഗ്ലണ്ടിൽ ക്രിക്കറ്റ് മതിയാക്കി മുൻ ദേശീയ ടീം താരം ഗാരി ബാലൻസ്. കൗണ്ടി ക്രിക്കറ്റിനോടും വിടപറഞ്ഞ താരം സിംബാബ്‌വെയുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു.

സിംബാബ്‌വെയിൽ ജനിച്ച താരം ഇംഗ്ലണ്ടിലാണ് പഠിച്ചുവളർന്നത്. അതിന് ശേഷം 2006 ലെ അണ്ടർ 19 ലോകകപ്പിൽ സിംബാബ്വെയ്ക്ക് വേണ്ടി കളിച്ചിരുന്നുവെങ്കിലും പിന്നീട് താരം ഇംഗ്ലണ്ടിലേക്ക് മാറുകയായിരുന്നു. 2014 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം 23 മത്സരങ്ങളിൽ നിന്നും നാല് സെഞ്ചുറിയും 7 ഫിഫ്റ്റിയും അടക്കം 1498 റൺസും 16 ഏകദിന മത്സരങ്ങളിൽ നിന്നും 297 റൺസും നേടിയിട്ടുണ്ട്.

ഇനി സിംബാബ്‌വെയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടീമിലും ആഭ്യന്തര തലത്തിലും താരം കളിക്കും. നിലവിൽ തിരിച്ചുവരവിൻ്റെ പാതയിലാണ് സിംബാബ്വെയുള്ളത്. കഴിഞ്ഞ ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് സിംബാബ്‌വെ കാഴ്ച്ചവെച്ചത്. പാകിസ്ഥാനെ പരാജയപെടുത്തികൊണ്ടാണ് തങ്ങളുടെ തിരിച്ചുവരവ് സിംബാബ്‌വെ അറിയിച്ചത്.

നിലവിൽ ഐസിസി ടി20 റാങ്കിങിൽ പതിനൊന്നാം സ്ഥാനത്തും ഏകദിന റാങ്കിങിൽ പതിമൂന്നാം സ്ഥാനത്തുമാണ് സിംബാബ്‌വെയുള്ളത്.