Skip to content

അരങ്ങേറ്റത്തിൽ ഏഴ് വിക്കറ്റ് നേടി അബ്രാർ അഹമ്മദ്, ആദ്യ ഇന്നിങ്സിൽ 281 റൺസിന് പുറത്തായി ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 281 റൺസ് നേടി പുറത്തായി ബെൻ സ്റ്റോക്സും കൂട്ടരും. അരങ്ങേറ്റക്കാരൻ അബ്രാർ അഹമ്മദിൻ്റെ മികവിലാണ് പാകിസ്ഥാൻ ഇംഗ്ലണ്ടിനെ 300 ൽ താഴെ ഒതുക്കിയത്. ഇംഗ്ലണ്ട് ഇന്നിങ്സിലെ ആദ്യ ഏഴ് വിക്കറ്റും നേടിയത് അബ്രാർ അഹമ്മദായിരുന്നു.

22 ഓവറിൽ 114 റൺസ് വഴങ്ങിയാണ് താരം 7 വിക്കറ്റുകൾ വീഴ്ത്തിയത്. ഇന്നിങ്സിലെ 10 വിക്കറ്റും നേടാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും ശേഷിച്ച മൂന്ന് വിക്കറ്റുകൾ സാഹിദ് മഹ്മൂദ് നേടുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ബെൻ ഡക്കറ്റ് 49 പന്തിൽ 63 റൺസും ഒല്ലി പോപ്പ് 61 പന്തിൽ 60 റൺസും നേടി മികവ് പുലർത്തി. ജോ റൂട്ട് 8 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 30 റൺസും മാർക്ക് വുഡ് 27 പന്തിൽ 36 റൺസും നേടി.

പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച ഇംഗ്ലണ്ട് പരമ്പരയിൽ 1-0 ന് മുൻപിലാണ്. ഈ മത്സരത്തിലും പരാജയപെട്ടാൽ പാകിസ്ഥാൻ്റെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മോഹങ്ങൾ അവസാനിക്കും. നിലവിൽ ഓസ്ട്രേലിയ, സൗത്താഫ്രിക്ക, ശ്രീലങ്ക, ഇന്ത്യ എന്നീ ടീമുകൾക്ക് പുറകിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാനുള്ളത്.