Skip to content

സമനില വേണ്ട, ജയിക്കാൻ വേണ്ടി കളിച്ച് ഇംഗ്ലണ്ട്, പാകിസ്ഥാന് 343 റൺസിൻ്റെ വിജയലക്ഷ്യം

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 343 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ബെൻ സ്റ്റോക്സും കൂട്ടരും. രണ്ടാം ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടി ഡിക്ലയർ ചെയ്തുകൊണ്ടാണ് വിജയം മാത്രം ലക്ഷ്യമാക്കി 343 റൺസിൻ്റെ വിജയലക്ഷ്യം പാകിസ്ഥാന് മുൻപിൽ ബെൻ സ്റ്റോക്സും കൂട്ടരും ഉയർത്തിയത്.

ആദ്യ ഇന്നിങ്സിൽ പാകിസ്ഥാനെ 579 റൺസിൽ പുറത്താക്കിയ ഇംഗ്ലണ്ട് 78 റൺസിൻ്റെ ലീഡ് സ്വന്തമാക്കിയിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്സിൽ അതിവേഗം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ചായക്ക് പിരിയവെ 35.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടിയിരുന്നു. 65 പന്തിൽ 11 ഫോറും 3 സിക്സും ഉൾപ്പടെ 87 റൺസ് നേടിയ ഹാരി ബ്രൂക്കും 69 പന്തിൽ 73 റൺസ് നേടിയ ജോ റൂട്ടും 48 പന്തിൽ 50 റൺസ് നേടിയ സാക് ക്രോലിയുമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.

പാകിസ്ഥാന് വേണ്ടി നസീം ഷാ, മൊഹമ്മദ് അലി, സാഹിദ് മഹ്മൂദ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 136 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസം, 121 റൺസ് നേടിയ ഇമാം ഉൾ ഹഖ്, 114 റൺസ് നേടിയ അബ്ദുള്ള ഷഫീഖ് എന്നിവരുടെ മികവിലാണ് 579 റൺസ് നേടി വമ്പൻ ലീഡ് വഴങ്ങുന്നത് പാകിസ്ഥാൻ ഒഴിവാക്കിയത്.