Skip to content

5 വിക്കറ്റുകൾ വീഴ്ത്തി ഷാക്കിബ്, ആദ്യ ഏകദിനത്തിൽ തകർന്നടിഞ്ഞ് ഇന്ത്യ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നിരാശപെടുത്തുന്ന പ്രകടനവുമായി ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 41.2 ഓവറിൽ 186 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടലാണിത്.

ബാറ്റിങ് ദുഷ്കരമായ പിച്ചിൽ മോശം തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. പതിവ് പോലെ മെല്ലെ തുടങ്ങിയ ശിഖാർ ധവാൻ 17 പന്തിൽ 7 റൺസ് മാത്രം നേടി പുറത്തായി. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ക്രീസിൽ നിലയുറപ്പിച്ചുവെന്ന് തോന്നിച്ചുവെങ്കിലും പതിനൊന്നാം ഓവറിൽ ഇരുവരെയും മടക്കി ഷാക്കിബ് അൽ ഹസൻ ഇന്ത്യയെ പരുങ്ങലിലാക്കി.

മികച്ച ഫോമിലുളള ശ്രേയസ് അയ്യർ 39 പന്തിൽ 24 റൺസ് നേടി പുറത്തായപ്പോൾ ന്യൂസിലൻഡിനെതിരെ തിളങ്ങിയ വാഷിങ്ടൺ സുന്ദർ 43 പന്തിൽ 19 റൺസ് നേടി പുറത്തായപ്പോൾ ഷഹ്ബാസ് അഹമ്മദ്, ദീപക് ചഹാർ എന്നിവർ പൂജ്യത്തിനും ഷാർദുൽ താക്കൂർ 2 റൺസും നേടി പുറത്തായി.

70 പന്തിൽ 5 ഫോറും 4 സിക്സും അടക്കം 73 റൺസ് നേടിയ കെ എൽ രാഹുൽ മാത്രമാണ് ഇന്ത്യൻ നിരയിൽ മികവ് പുലർത്തിയത്.

ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അൽ ഹസൻ 10 ഓവറിൽ 36 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും എബാദത് ഹൊസൈൻ നാല് വിക്കറ്റും നേടി.