Skip to content

ഇന്ത്യ പാകിസ്ഥാനിലേക്ക് വരാതിരിക്കാൻ കാരണങ്ങൾ ഒന്നും കാണുന്നില്ല, പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വരാതിരിക്കാൻ കാരണമൊന്നും കാണുന്നില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ്. ഇന്ത്യ പാകിസ്ഥാനിലേക്ക് വരുന്നതിലോ ഇന്ത്യയിലേക്ക് പാകിസ്ഥാൻ പോകുന്നതിലോ തങ്ങൾക്ക് എതിർപ്പുകൾ ഇല്ലെന്ന് വ്യക്തമാക്കിയ റമീസ് രാജ ഇക്കാര്യത്തിൽ ഐസിസി ഇടപെടലുകൾ ആവശ്യമാണെന്നും വ്യക്തമാക്കി.

ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കിൽ തങ്ങൾ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് നേരത്തെ റമീസ് രാജ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാടിൽ ഇപ്പോൾ അയവ് വരുത്തിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ.

” പരസ്പരം കളിക്കണോ വേണ്ടയോ എന്നതിൽ രണ്ട് ബോർഡുകളും ധാരണയിൽ എത്തേണ്ടതുണ്ട്. പാകിസ്ഥാൻ അതിന് തയ്യാറാണ്. ഇന്ത്യ എന്നാൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന് പറയുന്നു. രാഷ്ട്രീയ ഇടപെടലുണ്ടാകുമ്പോൾ പ്രവർത്തിക്കുകയെന്നത് സാധ്യമല്ല. അവർ പറയുന്നത് ഗവൺമെൻ്റ് അനുവദിക്കുന്നില്ലെന്നാണ്. അതുകൊണ്ട് അവിടെ ചർച്ചയുടെ ആവശ്യമില്ല. അല്ലാതെ ഇന്ത്യ പാകിസ്ഥാനിലേക്ക് വരുന്നതിലോ പാകിസ്ഥാനിൽ ഇന്ത്യയിലേക്ക് പോകുന്നതിലോ യാതൊരു കുഴപ്പവും ഞാൻ കാണുന്നില്ല. ” റമീസ് രാജ പറഞ്ഞു.

അവസാനമായി 2016 ലോകകപ്പിനായി പാകിസ്ഥാൻ ഇന്ത്യയിൽ എത്തിയിരുന്നു. 2008 ഏഷ്യ കപ്പിലാണ് അവസാനമായി ഇന്ത്യ പാകിസ്ഥാനിൽ കളിച്ചത്.