Skip to content

തലപ്പത്ത് ആശാൻ, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്ക്

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ റാവൽപിണ്ടി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വേണ്ടി യുവതാരം ഹാരി ബ്രൂക്ക് കാഴ്ച്ചവെച്ചത്. ഇംഗ്ലണ്ട് വമ്പൻ സ്കോർ കുറിച്ച ആദ്യ ഇന്നിങ്സിൽ 153 റൺസ് താരം നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് താരം സ്വന്തമാക്കി.

116 പന്തിൽ 19 ഫോറും 5 സിക്സും ഉൾപ്പടെ 153 റൺസ് നേടിയാണ് ഹാരി ബ്രൂക്ക് പുറത്തായത്. 115 പന്തിൽ നിന്നുമാണ് താരം 150 റൺസ് നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 റൺസ് നേടുന്ന നാലാമത്തെ ബാറ്റ്സ്മാനെന്ന റെക്കോർഡ് ഹാരി ബ്രൂക്ക് സ്വന്തമാക്കി.

1975 ൽ ഓസ്ട്രേലിയക്കെതിരെ 113 പന്തിൽ 150 റൺസ് നേടിയ വിൻഡീസ് ബാറ്റ്സ്മാൻ റോയ് ഫെഡറിക്സ്, ബംഗ്ലാദേശിനെതിരെ 2001 ൽ 111 പന്തിൽ 150 റൺസ് നേടിയ മഹേള ജയവർധനെ എന്നിവരാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ളത്. 2014 ൽ ശ്രീലങ്കയ്ക്കെതിരെ വെറും 103 പന്തിൽ 150 റൺസ് നേടിയ മുൻ ന്യൂസിലൻഡ് ക്യാപ്റ്റനും നിലവിലെ ഇംഗ്ലണ്ട് കോച്ചുമായ ബ്രണ്ടൻ മക്കല്ലമാണ് ഈ റെക്കോർഡിൽ തലപത്തുള്ളത്.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 657 റൺസ് അടിച്ചുകൂട്ടിയാണ് ഇംഗ്ലണ്ട് പുറത്തായത്. മറുപടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ രണ്ടാണ് ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 181 റൺസ് നേടിയിട്ടുണ്ട്.