Skip to content

അവർക്ക് വയ്യാതിരുന്നത് എന്തായാലും നന്നായി, ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിൻ്റെ പ്രകടനത്തോട് പ്രതികരിച്ച് ഷോയിബ് അക്തർ

റാവൽപിണ്ടി ടെസ്റ്റിൽ പാക് ബൗളർമാരെ തലങ്ങും വിലങ്ങും മർദ്ദിച്ചുകൊണ്ട് വമ്പൻ സ്കോറിലേക്ക് കുതിക്കുകയാണ് ബെൻ സ്റ്റോക്സും കൂട്ടരും. ആദ്യ ദിനം 75 ഓവറിൽ 500 ലധികം റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ട് ടീമിൻ്റെ ഈ തകർപ്പൻ പ്രകടനത്തോട് പ്രതികരിച്ചിരിക്കുകയാണ് മുൻ പാക് പേസർ ഷോയിബ് അക്തർ.

മത്സരത്തിന് മുൻപ് ഇംഗ്ലണ്ട് ടീമിലെ പകുതിയിലധികം പേരും അജ്ഞാത വൈറസ് മൂലം അസുഖ ബാധിതരായിരുന്നു. ഇന്ന് രാവിലെയാണ് തങ്ങൾ മത്സരം കളിക്കുവാൻ തയ്യാറാണെന്ന് ഇംഗ്ലണ്ട് പാകിസ്ഥാനെ അറിയിച്ചതും ഒടുവിൽ മത്സരം നടന്നതും. ഇംഗ്ലണ്ട് താരങ്ങൾക്ക് വയ്യാതിരുന്നത് എന്തുകൊണ്ടും നന്നായെന്ന് ആദ്യ ദിനത്തിലെ പാകിസ്ഥാൻ്റെ പ്രകടനം വിലയിരുത്തികൊണ്ട് അക്തർ പറഞ്ഞു. മറിച്ചായിരുന്നെങ്കിൽ പാക് ടീമിൻ്റെ അവസ്ഥ ഇതിലും പരിതാപരകരമാകുമായിരുന്നുവെന്നും അക്തർ പറഞ്ഞു.

” ന്യൂസ് റിപ്പോർട്ട് പറഞ്ഞ പോലെ ഇംഗ്ലണ്ട് കളിക്കാർക്ക് വയ്യാതിരുന്നത് നന്നായി. അസുഖ ബാധിതരായിട്ടും അവർ 500 റൺസ് നേടി. അവർക്ക് കുഴപ്പമൊന്നും ഇല്ലായിരുന്നുവെങ്കിൽ ഇതിലും ഭീകരമായി അവർ നമ്മളെ അടിച്ചൊതുക്കിയേനെ. ” അക്തർ പറഞ്ഞു.

” ടെസ്റ്റ് ക്രിക്കറ്റിൽ മെല്ലെ ബാറ്റ് ചെയ്യുന്നതിൽ അവരുടെ കോച്ച് ബ്രണ്ടൻ മക്കല്ലം വിശ്വസിക്കുന്നില്ല. ഓരോ പന്തിലും റൺസ് നേടുവാൻ അദ്ദേഹം കളിക്കാരോട് ആവശ്യപെടുന്നു. അദ്ദേഹം വന്നത് മുതൽ അഗ്രസീവ് ക്രിക്കറ്റാണ് അവർ കളിക്കുന്നത്. അവർ അതിൽ നിന്നും മാറില്ല. അരങ്ങേറ്റക്കാരനായ ലിയാം ലിവിങ്സ്റ്റൺ ഏഴാമനായാണ് ബാറ്റ് ചെയ്യുന്നത്. അതുകൊണ്ട് അവർക്ക് ബാറ്റിങ് ഡെപ്തുണ്ട്. അതുകൊണ്ട് തന്നെ പാകിസ്ഥാൻ മാറിചിന്തിക്കേണ്ടതുണ്ട്. ” അക്തർ കൂട്ടിച്ചേർത്തു.