Skip to content

അന്ന് സെവാഗും ദ്രാവിഡും, 16 വർഷങ്ങൾക്ക് ശേഷം ആ റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ടിൻ്റെ യുവ ഓപ്പണർമാർ

പാകിസ്ഥാനെതിരായ റാവൽപിണ്ടി ടെസ്റ്റിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനും രാഹുൽ ദ്രാവിഡിനുമൊപ്പം സ്ഥാനം പിടിച്ച് ഇംഗ്ലീഷ് ഓപ്പണർമാരായ സാക് ക്രോലിയും ബെൻ ഡക്കറ്റും. മത്സരത്തിൽ ഇരുവരും സെഞ്ചുറി നേടിയാണ് പുറത്തായത്.

സാക് ക്രോലി 111 പന്തിൽ 122 റൺസ് നേടിയപ്പോൾ ബെൻ ഡക്കറ്റ് 110 പന്തിൽ 107 റൺസ് നേടിയിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടിൽ 233 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഈ പ്രകടനത്തോടെ പാകിസ്ഥാനിൽ ഒരേ ഇന്നിങ്സിൽ സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ വിദേശ ഓപ്പണർമാരായി ഇരുവരും മാറി.

2006 ൽ ലാഹോറിൽ വീരേന്ദർ സെവാഗും രാഹുൽ ദ്രാവിഡുമാണ് ആദ്യമായി ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. അന്ന് ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ സെവാഗ് 247 പന്തിൽ 254 റൺസും രാഹുൽ ദ്രാവിഡ് 233 പന്തിൽ 128 റൺസും നേടിയിരുന്നു. 410 റൺസാണ് ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും കൂട്ടിച്ചേർത്തത്. മത്സരം സമനിലയിൽ കലാശിച്ചിരുന്നു.

മത്സരത്തിൽ വെറും 86 പന്തിൽ നിന്നുമാണ് സാക് ക്രോലി സെഞ്ചുറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇംഗ്ലീഷ് ഓപ്പണറുടെ ഏറ്റവും വേഗതയേറിയ സെഞ്ചുറി കൂടിയാണിത്.