Skip to content

പോണ്ടിങും ഗവാസ്കറും അടക്കമുളള ഇതിഹാസങ്ങളെ പിന്നിലാക്കി സ്മിത്ത്, മുൻപിൽ സച്ചിനും ഡോൺ ബ്രാഡ്മാനും മാത്രം

തകർപ്പൻ പ്രകടനമാണ് വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. മാർനസ് ലാബുഷെയ്നൊപ്പം ഡബിൾ സെഞ്ചുറി കുറിച്ച സ്മിത്തിൻ്റെ മികവിലാണ് ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ ഓസ്ട്രേലിയ നേടിയത്. മത്സരത്തിലെ സെഞ്ചുറിയോടെ ഇതിഹാസ താരങ്ങളെ സ്മിത്ത് പിന്നിലാക്കി.

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 29 ആം സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് 311 പന്തിൽ പുറത്താകാതെ 200 റൺസ് നേടിയിരുന്നു. സ്റ്റീവ് സ്മിത്തിൻ്റെ നാലാം ഡബിൾ സെഞ്ചുറി കൂടിയാണിത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 29 സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനാണ് സ്റ്റീവ് സ്മിത്ത്.

വെറും 155 ഇന്നിങ്സിൽ നിന്നുമാണ് സ്റ്റീവ് സ്മിത്ത് 29 സെഞ്ചുറി നേടിയത്. മാത്യൂ ഹെയ്ഡൻ (166 ഇന്നിങ്സ്) , സുനിൽ ഗാവസ്കർ (166 ഇന്നിങ്സ്), റിക്കി പോണ്ടിങ് (169 ഇന്നിങ്സ്) എന്നീ ഇതിഹാസങ്ങളെ സ്മിത്ത് പിന്നിലാക്കി.

148 ഇന്നിങ്സിൽ 29 സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കറും, വെറും 79 ഇന്നിങ്സിൽ നിന്നും 20 സെഞ്ചുറി കുറിച്ച ഡോൺ ബ്രാഡ്മാനും മാത്രമാണ് സ്മിത്തിനേക്കാൾ വേഗത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ 29 സെഞ്ചുറി നേടിയിട്ടുള്ളത്.

മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ സ്മിത്തിൻ്റെ ശരാശരി വീണ്ടും ഉയർന്നു. 155 ഇന്നിങ്സിൽ നിന്നും ഇതുവരെ 61.48 ശരാശരിയിൽ 29 സെഞ്ചുറിയും 36 ഫിഫ്റ്റിയും ഉൾപ്പെടെ 8361 റൺസ് സ്റ്റീവ് സ്മിത്ത് നേടിയിട്ടുണ്ട്.