Skip to content

ഇതെന്താ ഏകദിനമോ, പാക് ബൗളർമാരെ അടിച്ചൊതുക്കി ഇംഗ്ലണ്ട്, സ്വന്തമാക്കിയത് ചരിത്രറെക്കോർഡ്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ തുടക്കം. ടോസ് നേടി ആദ്യ ദിനം ബാറ്റിങിനിറങ്ങി ഏകദിനത്തെ വെല്ലുന്ന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലണ്ട് ആദ്യ ദിനം 506 റൺസാണ് അടിച്ചുകൂട്ടിയത്.

തകർപ്പൻ തുടക്കമാണ് ഇംഗ്ലണ്ടിന് വേണ്ടി സാക് ക്രോളിയും ബെൻ ഡക്കറ്റും സമ്മാനിച്ചത്. ക്രോലി 111 പന്തിൽ 122 റൺസ് നേടിയപ്പോൾ ബെൻ ഡക്കറ്റ് 110 പന്തിൽ 107 റൺസ് നേടി. ഓപ്പണിങ് കൂട്ടുകെട്ടിൽ 35 ഓവറിൽ 233 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ജോ റൂട്ട് 31 പന്തിൽ 23 റൺസ് നേടി പുറത്തായപ്പോൾ പന്തുകൾ പാഴാക്കാതെ ബാറ്റ് വീശിയ ഒല്ലി പോപ്പും ഹാരി ബ്രൂക്കും ഇംഗ്ലണ്ട് സ്കോർ അതിവേഗം ഉയർത്തി. ഒല്ലി പോപ്പ് 104 പന്തിൽ 108 റൺസ് നേടി പുറത്തായപ്പോൾ ഹാരി ബ്രൂക് വെറും 80 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി.

ആദ്യ ദിനം വെളിച്ചകുറവ് മൂലം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 506 റൺസ് നേടിയിട്ടുണ്ട്. 81 പന്തിൽ 101 റൺസ് നേടിയ ഹാരി ബ്രൂക്കും, 15 പന്തിൽ 34 റൺസ് നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സുമാണ് ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ടീം ഓപ്പണിങ് ഡേയിൽ 500 ലധികം റൺസ് നേടുന്നത്. 1910 ൽ സിഡ്നിയിൽ സൗത്താഫ്രിക്കയ്ക്കെതിരെ 494 റൺസ് നേടിയ ഓസ്ട്രേലിയയുടെ റെക്കോർഡാണ് ഇംഗ്ലണ്ട് തകർത്തത്.