Skip to content

അക്കാരണം കൊണ്ടാണ് സഞ്ജുവിനെ പോലെയുള്ളവരെ നമുക്ക് ഒഴിവാക്കേണ്ടിവരുന്നത്, ഇന്ത്യൻ ടീമിനെതിരെ വസിം ജാഫർ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഈ വർഷം മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു ആദ്യ ഏകദിനത്തിലും മികവ് പുലർത്തിയിരുന്നു. സമ്മർദ്ദ ഘട്ടത്തിൽ ക്രീസിലെത്തി 36 റൺസ് നേടിയാണ് കേരള താരം പുറത്തായത്.

എന്നിട്ടും രണ്ടാം ഏകദിനത്തിൽ സഞ്ജു പുറത്തിരിക്കേണ്ടി വന്നു. ദീപക് ഹൂഡയെയാണ് പകരക്കാരനായി ഇന്ത്യ ടീമിൽ ഉൾപെടുത്തിയത്. ഇതിനെതിരെ ആരാധകർ രൂക്ഷ വിമർശനം നടത്തിയപ്പോൾ സഞ്ജുവിനെ പോലെയൊരു താരത്തെ ഒഴിവാക്കേണ്ടിവരുന്നതിൽ കുറ്റപെടുത്തേണ്ടത് ടീം മാനേജ്മെൻ്റിനെയാണെന്ന് വസീം ജാഫർ വിമർശിച്ചു.

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഓൾ റൗണ്ടർമാരെ കണ്ടെത്തുന്നതിൽ ബിസിസിഐ പരാജയപെട്ടുവെന്നും അതുകൊണ്ടാണ് സഞ്ജുവിനെ പോലെയുള്ളവർ പുറത്തിരിക്കേണ്ടിവരുന്നതെന്നും വസീം ജാഫർ പറഞ്ഞു.

” മികച്ച ഓൾ റൗണ്ടർമാരോ പാർട്ട് ടൈം ബൗളർമാരോ ഇല്ലാത്തത് കൊണ്ടാണ് നന്നായി കളിച്ചിട്ടും സഞ്ജുവിനെ ഒഴിവാക്കേണ്ടിവന്നത്. ഒരുപാട് ഓൾ റൗണ്ടർമാർ നമുക്കില്ല. ഉള്ളവരെ നമ്മൾ നന്നായി കൈകാര്യം ചെയ്യുന്നില്ല. ഒരുപാട് ഓൾ റൗണ്ടർമാർ ഇല്ലാത്തത് കൊണ്ടുതന്നെ ഉള്ളവരെ നമ്മൾ ഉയർന്ന തലത്തിൽ വേഗത്തിൽ കളിപ്പിക്കുന്നു. പക്ഷേ കുറച്ച് മോശം പ്രകടനം ഉണ്ടാകുമ്പോൾ അവരെ ഒഴിവാക്കുന്നു. വിജയ് ശങ്കർ, വെങ്കടേഷ് അയ്യർ, ശിവം ദുബെ, ക്രുനാൽ പാണ്ഡ്യ ഇവരൊക്കെ ഉദാഹരണമാണ്. അവരെ ടീമിലെടുക്കുമ്പോൾ ക്ഷമ കാണിക്കേണ്ടതുണ്ട്. ” വസീം ജാഫർ പറഞ്ഞു.