Skip to content

ഒരോവറിൽ 7 സിക്സ്, വിജയ് ഹസാരെ ട്രോഫിയിൽ തകർത്താടി റിതുരാജ് ഗയ്ക്ക്വാദ്

വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ തകർപ്പൻ ഡബിൾ സെഞ്ചുറി നേടി മഹാരാഷ്ട്ര ക്യാപ്റ്റൻ റിതുരാജ് ഗയ്ക്ക്വാദ്. ഉത്തർപ്രദേശിനെതിരായ മത്സരത്തിലാണ് തകർപ്പൻ പ്രകടനം റിതുരാജ് ഗയ്ക്ക്വാദ് കാഴ്ച്ചവെച്ചത്. ഒരോവറിൽ 7 സിക്സ് താരം പറത്തുകയും ചെയ്തു.

ശിവ സിങ് എറിഞ്ഞ 49 ആം ഓവറിലാണ് 7 സിക്സ് റിതുരാജ് ഗയ്ക്ക്വാദ് പറത്തിയത്. നോ ബോളിലും അതിലൂടെ ലഭിച്ച എക്സ്ട്രാ ബോളിലും ഗയ്ക്ക്വാദ് സിക്സ് പറത്തി.

മത്സരത്തിൽ 159 പന്തിൽ 10 ഫോറും 16 സിക്സും ഉൾപ്പടെ പുറത്താകാതെ 220 റൺസ് താരം അടിച്ചുകൂട്ടി. നേരിട്ട അവസാന 12 പന്തിൽ 9 സിക്സാണ് റിതുരാജ് ഗയ്ക്ക്വാദ് നേടിയത്. താരത്തിൻ്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് നേടി. ടീമിലെ മറ്റുള്ള ബാറ്റ്സ്മാന്മാർക്ക് 141 പന്തിൽ 96 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്.

ഈ സീസണിൽ എട്ട് ഇന്നിങ്സിൽ നിന്നും ഒരു ഡബിൾ സെഞ്ചുറിയും അഞ്ച് സെഞ്ചുറിയും റിതുരാജ് ഗയ്ക്ക്വാദ് നേടിയിട്ടുണ്ട്.