Skip to content

ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, ഒരോവറിൽ 7 സിക്സ് പറത്തി റിതുരാജ് ഗയ്ക്ക്വാദ്, വീഡിയോ കാണാം

വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ ഉത്തർപ്രദേശിനെതിരെ ഒരോവറിൽ 7 സിക്സ് പറത്തി മഹാരാഷ്ട്ര ക്യാപ്റ്റൻ റിതുരാജ് ഗയ്ക്ക്വാദ്. ഇതോടെ ചരിത്രറെക്കോർഡ് മഹാരാഷ്ട്ര ക്യാപ്റ്റനെ തേടിയെത്തി.

ശിവ സിങ് എറിഞ്ഞ 49 ആം ഓവറിലായിരുന്നു ഗയ്ക്ക്വാദ് 7 സിക്സ് പറത്തിയത്. നോ ബോൾ അടക്കം 43 റൺസാണ് ആ ഓവറിൽ ബൗളർ വഴങ്ങിയത്. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബാറ്റ്സ്മാൻ ഒരോവറിൽ 7 സിക്സ് നേടുന്നത്. ഇതിന് മുൻപ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലോ ലിസ്റ്റ് എ ക്രിക്കറ്റിലോ ടി20 ക്രിക്കറ്റിലോ ആർക്കും തന്നെ ഈ നേട്ടം സ്വന്തമാക്കുവാൻ സാധിച്ചിട്ടില്ല.

വീഡിയോ ;

മത്സരത്തിൽ 159 പന്തിൽ 10 ഫോറും 16 സിക്സും ഉൾപ്പെടെ 220 റൺസ് താരം അടിച്ചുകൂട്ടി. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് നേടാനാണ് മഹാരാഷ്ട്രയ്ക്ക് സാധിച്ചത്. 37 റൺസ് നേടിയ ബാറ്റ്സ്മാനായിരുന്നു ടീമിലെ അടുത്ത ടോപ്പ് സ്കോറർ. 141 പന്തിൽ 96 റൺസ് നേടുവാൻ മാത്രമാണ് മറ്റുള്ളവർക്ക് സാധിച്ചത്.

ലിസ്റ്റ് എ ക്രിക്കറ്റിലെ തൻ്റെ ആദ്യ ഡബിൾ സെഞ്ചുറിയാണ് റിതുരാജ് ഗയ്ക്ക്വാദ് നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരമാണ് ഗയ്ക്ക്വാദ്.