Skip to content

ഇംഗ്ലണ്ടിനെ നയിക്കുന്നത് ബട്ട്ലറാണ്, ഓസ്ട്രേലിയയെ കമ്മിൻസും, ഇന്ത്യൻ ക്യാപ്റ്റൻ എവിടെയാണ്, ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം

ആരാധകരുടെ പ്രതീക്ഷകളെ തകർത്തുകൊണ്ടാണ് ഇന്ത്യ ടി20 ലോകകപ്പിൽ നിന്നും പുറത്തായത്. ഇനി അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ നോക്കികാണുന്നത്. ലോകകപ്പിനുള്ള ടീമിനെ കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ മറ്റു ടീമുകൾ ആരംഭിച്ചപ്പോൾ ഇന്ത്യൻ ക്യാപ്റ്റനെവിടെയെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

ലോകകപ്പിന് മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിച്ച ഏകദിന പരമ്പരയിൽ ബട്ട്ലറും കമ്മിൻസുമായിരുന്നു ടീമുകളെ നയിച്ച്. ഒരു മത്സരത്തിൽ നിന്ന് മാത്രമാണ് ഇരുവർക്കും വിശ്രമം അനുവദിച്ചത്. എന്നാൽ നിരന്തരം ക്യാപ്റ്റന്മാരെ മാറ്റുന്ന പ്രവണത തുടർന്നുകൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ. ഇതിനെയാണ് ആകാശ് ചോപ്ര ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

” അഫ്ഗാനെതിരെ കളിക്കുന്ന ശ്രീലങ്കൻ ടീമിനെ നോക്കൂ. ദാസുൻ ഷണകയാണ് അവരെ നയിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ ജോസ് ബട്ട്ലറാണ് ഇന്ത്യയെ നയിച്ചത്. ഓസ്ട്രേലിയ ചില മാറ്റങ്ങൾ വരുത്തി, പക്ഷേ മൂന്നിൽ രണ്ടിലും അവരെ നയിച്ചത് പാറ്റ് കമ്മിൻസായിരുന്നു. മറ്റ് ടീമുകൾ അവരുടെ യഥാർത്ഥ ക്യാപ്റ്റനുമായി കളിക്കുമ്പോൾ നമ്മൾ മാത്രം എന്തിനാണ് വ്യത്യസ്ത ക്യാപ്റ്റന്മാരുമായി കളിക്കുന്നത്. അതൊരു ശരിയായ ചോദ്യമല്ലെ ”

” ഒരു ടീമിനെ വാർത്തെടുക്കേണ്ടത് ക്യാപ്റ്റനാണ്. ടീമിനൊപ്പം കൂടുതൽ സമയം ചിലവഴിക്കുമ്പോൾ ഓരോ കളിക്കാരെയും കൂടുതൽ അറിയാൻ സാധിക്കുന്നു. വെസ്റ്റിൻഡീസിലോ സിംബാബ്‌വെയിലോ ന്യൂസിലൻഡിലോ ആയിക്കോട്ടെ എവിടെയായാലും ക്യാപ്റ്റനില്ലെങ്കിൽ അത് പ്രശ്നമാണ്. കഴിഞ്ഞ മൂന്ന് ഏകദിന പരമ്പരകളിൽ ഇന്ത്യയെ നയിച്ചത് ശിഖാർ ധവാനായിരുന്നു. ഇനി ബംഗ്ലാദേശിൽ പോകുമ്പോൾ അവനായിരിക്കില്ല ക്യാപ്റ്റൻ. ഓപ്പണർമാർ മാറും ക്യാപ്റ്റന്മാർ മാറും. ഒരുപാട് മാറ്റങ്ങൾ നിങ്ങളുടെ തയ്യാറെടുപ്പിനെ സാരമായി ബാധിക്കും. ” ആകഷ്ട് ചോപ്ര പറഞ്ഞു.